ഗാന്ധിസ്മൃതി കലണ്ടര്‍ പുറത്തിറക്കി പട്ടത്താനം സ്‌കൂള്‍

കൊല്ലം: മഹാത്മാഗാന്ധിയുടെ നൂറ്റിയന്‍പതാം ജന്മവാര്‍ഷികത്തില്‍ ഗാന്ധിജിയോടുള്ള ആദരസൂചകമായി ഗാന്ധിസ്മൃതി കലണ്ടര്‍ പുറത്തിറക്കി പട്ടത്താനം ഗവണ്‍മെന്റ് എസ് എന്‍ ഡി പി യു.പി. സ്‌കൂള്‍. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം നൗഷാദ് എം എല്‍ എ മേയര്‍ ഹണി ബെഞ്ചമിന് കലണ്ടര്‍ നല്‍കി പ്രകാശനം ചെയ്തു.
സ്‌കൂളിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളോട് അനുബന്ധിച്ചായിരുന്നു കലണ്ടര്‍ പ്രകാശനം ചെയ്തത്. വിവിധ ആശയങ്ങളിലൂന്നി വിജ്ഞാനപ്രദവും കൗതുകകരവുമായ അറിവുകള്‍ പങ്കുവയ്ക്കുന്ന വ്യത്യസ്തമായ കലണ്ടര്‍ മുന്‍ വര്‍ഷങ്ങളിലും സ്‌കൂള്‍ പുറത്തിറക്കിയിരുന്നു.
ഗാന്ധി സ്മരണകള്‍ക്ക് ഏറെ പ്രാധാന്യമുള്ള കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ചരിത്രത്തിന്റെ ഏടുകളിലൂടെ മഹാത്മാവിന്റെ ഓര്‍മകളെ ഇത്തരം പ്രസിദ്ധീകരണങ്ങളിലൂടെ നാം തിരിച്ചറിയുകയാണെന്നും എം നൗഷാദ് എം എല്‍ എ പറഞ്ഞു. സ്‌കൂള്‍ പ്ലാറ്റിനം ജൂബിലിയുടെ ലോഗോ പ്രകാശനവും എം എല്‍ എ നിര്‍വഹിച്ചു.
കൊല്ലം നഗരസഭ സ്ഥാപിച്ച സ്മാര്‍ട്ട് ക്ലാസ്സിന്റെയും പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് അധ്യാപകര്‍ സ്ഥാപിച്ചു നല്‍കിയ സ്മാര്‍ട്ട് ക്ലാസിന്റെയും സമര്‍പ്പണം മേയര്‍ ഹണി ബെഞ്ചമിന്‍ നടത്തി. സ്‌കൂളിലെ തന്നെ തണല്‍ മാതൃജീവനം പദ്ധതിയുടെ തയ്യല്‍ പരിശീലന സര്‍ട്ടിഫിക്കറ്റുകള്‍ കൗണ്‍സിലര്‍ പ്രേം ഉഷാര്‍ വിതരണം ചെയ്തു. കുട്ടികളുടെ അമ്മമാരെ സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് പ്രാപ്തരാക്കുന്ന പരിശീലന പരിപാടിയാണ് തണല്‍ മാതൃജീവനം.