കൂടുതല്‍ കരുതല്‍ കേന്ദ്രങ്ങള്‍, ഓക്സിജന്‍ സംവിധാനങ്ങള്‍

post

കൊല്ലം: കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന് കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങളും  ഓക്സിജന്‍ സിലിണ്ടറുകളുള്‍പ്പെടെയുള്ള പ്രതിരോധ  സംവിധാനങ്ങളും സജ്ജമാക്കി കൊണ്ടിരിക്കുകയാണ് ജില്ലയിലെ  തദ്ദേശസ്ഥാപനങ്ങള്‍. പ്രതിരോധ മരുന്നുകളുടെ വിതരണവും കാര്യക്ഷമമായി നടന്നുവരുന്നു.

കൊല്ലം കോര്‍പ്പറേഷന്‍ കിളികൊല്ലൂര്‍ ഇലവന്തി പകല്‍വീട്ടില്‍ ആരംഭിച്ച 20 കിടക്കകളുള്ള ഡി സി സിയുടെ ഉദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു.  ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സ്ഥിരം സമിതി അധ്യക്ഷ•ാര്‍, കൗണ്‍സിലര്‍മാര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി പി.കെ. സജീവ് എന്നിവര്‍ പങ്കെടുത്തു.

പുനലൂര്‍ നഗരസഭാ പരിധിയിലെ കേളങ്കാവ് വാര്‍ഡില്‍ 21 ഉം നെല്ലിപ്പള്ളിയിലെ പോളിടെക്നിക് ഹോസ്റ്റലില്‍ 60 കിടക്കകളുള്ള രണ്ടും ഡി.സി.സികള്‍  പ്രവര്‍ത്തനമാരംഭിച്ചു.  കൊട്ടാരക്കര നഗരസഭയില്‍ സെന്റ് ഗ്രിഗോറിയസ് ഹയര്‍ സെക്കന്റ്റി സ്‌കൂളില്‍ ഇന്ന് (മെയ് 19) 40 കിടക്കകളുള്ള ഗൃഹവാസ പരിചരണ കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കും.  ഓക്സിജന്‍ ചലഞ്ച് വഴി 25 സിലിണ്ടറുകള്‍ ശേഖരിച്ചു. നഗരസഭ പരിധിയിലെ ആശുപത്രികള്‍ക്ക് ഓക്സിജന്‍  ആവശ്യമായി വരുന്ന മുറക്ക് ഫില്ലു ചെയ്ത സിലിണ്ടറുകള്‍ വിതരണം ചെയ്യുമെന്ന് നഗരസഭാ അധ്യക്ഷന്‍ എ.ഷാജു അറിയിച്ചു.

ശാസ്താംകോട്ടയിലെ കുന്നത്തൂരില്‍ 25 കിടക്കകളുള്ള സി.എഫ്.എല്‍.ടി.സി നെടിയവിള ഹൈസ്‌കൂളില്‍ ആരംഭിച്ചു.   ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ മുഴുവന്‍ സമയ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്ന കോവിഡ് സെന്റര്‍ ഇന്ന്(മെയ് 19) പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍സാര്‍ ഷാഹി പറഞ്ഞു. ക്യാഷ്വലിറ്റി ബ്ലോക്ക് ആണ് കോവിഡ് സെന്റര്‍ ആക്കുന്നത്. ആലപ്പാട് പഞ്ചായത്തില്‍  ഓച്ചിറ അമൃത എന്‍ജിനീയറിങ് കോളേജ് ഹോസ്റ്റലില്‍ 50 കിടക്കകളുള്ള   ഡി.സി.സി പ്രവര്‍ത്തനമാരംഭിച്ചു. ഓച്ചിറ ബ്ലോക്ക് പരിധിയിലെ ഓച്ചിറ, ആലപ്പാട്, ക്ലാപ്പന, കുലശേഖരപുരം, തഴവ, തൊടിയൂര്‍ ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള പള്‍സ് ഓക്സിമീറ്ററുകളുടെ ഒന്നാം ഘട്ട വിതരണം നടന്നു. പ്രസിഡന്റ് ദീപ്തി രവീന്ദ്രന്‍ ഓച്ചിറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ  മെഡിക്കല്‍ ഓഫീസര്‍ ഡോ.സുനിലിന് ഇവ കൈമാറി.

അഞ്ചല്‍ ഈസ്റ്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഡി.സി.സിയില്‍ 31 കോവിഡ് രോഗികളുണ്ട്. ആര്യങ്കാവ്, അച്ചന്‍കോവില്‍, കുളത്തൂപ്പുഴ എന്നിവിടങ്ങളിലുള്ള 1270 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ആരോഗ്യ കിറ്റ് വിതരണം ചെയ്യും. എന്‍ 95 മാസ്‌ക്, സര്‍ജിക്കല്‍ മാസ്‌ക്, സാനിറ്റൈസര്‍, വിറ്റാമിന്‍ ഗുളിക, ഗ്ലൗസ്, കൊതുകിനെ പുകയ്ക്കുന്ന പൊടി എന്നിവയടങ്ങുന്നതാണ് കിറ്റ്. എല്ലാ സി.എച്ച.്സി-പി.എച്ച്.സികളിലേക്ക് പള്‍സ് ഓക്സിമീറ്ററുകളും വിതരണം ചെയ്യും. ഒരു ഹെല്‍ത്ത് സെന്ററിന് 50 പള്‍സ് ഓക്സിമീറ്ററുകള്‍ വീതമാണ് നല്‍കുക. കോളനികള്‍ കേന്ദ്രീകരിച്ച് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതിന് ഒരു മെഡിക്കല്‍ ടീമിനെ ഉടന്‍ സജ്ജമാക്കുമെന്നും പ്രസിഡന്റ് രാധാ രാജേന്ദ്രന്‍ പറഞ്ഞു.

പത്തനാപുരത്തെ 13 വാര്‍ഡുകളിലും ഹോമിയോ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. സി.എഫ്.എല്‍.ടി.സിയില്‍ നിലവില്‍ മൂന്ന് രോഗികള്‍ മാത്രമാണുള്ളത്. 50 പേര്‍ക്ക് വീതം താമസിക്കാവുന്ന രണ്ട് ഡി.സി.സികള്‍ പഞ്ചായത്ത് തയ്യാറാക്കിയിട്ടുണ്ട്. പട്ടാഴി വടക്കേക്കരയില്‍ ആകെ രോഗികള്‍ 83 ആണ്. ജില്ലയിലെ ഏറ്റവും കുറവ് രോഗികള്‍ ഉള്ള പഞ്ചായത്ത് കൂടിയാണിത്. എല്ലാ വാര്‍ഡുകളിലും ആയുര്‍വേദ ഹോമിയോ മരുന്നുകള്‍ വിതരണം ചെയ്തതായി സെക്രട്ടറി അരുണ്‍ പറഞ്ഞു.

മുഖത്തല ബ്ലോക്കിന്റെ നേതൃത്വത്തില്‍ തൃക്കോവില്‍വട്ടം, കൊറ്റങ്കര പഞ്ചായത്തുകളില്‍ ആന്റിജന്‍ കിറ്റും പള്‍സ് ഓക്സിമീറ്ററുകളും കൈമാറി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച്.ഹുസ്സൈന്‍, സ്ഥിരം സമിതി അധ്യക്ഷ•ാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇത്തിക്കര ബ്ലോക്കില്‍ ജാഗ്രതാ സമിതികളുടെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ-ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. സ്റ്റെപ്പ്ഡൗണ്‍ സി. എഫ്.എല്‍.ടി.സി ആയ ചാത്തന്നൂര്‍ പ്രീ-മെട്രിക് ഹോസ്റ്റലില്‍ 23 പേര്‍ ചികിത്സയിലുണ്ട്.  വിവിധ ആരോഗ്യ കേന്ദ്രങ്ങളിലായി 186 ആന്റിജന്‍ പരിശോധനകളും 51 ആര്‍.ടി.പി.സി.ആര്‍ പരിശോധനകളും നടത്തിയതായി ബി.ഡി.ഒ അറിയിച്ചു.