കോവിഡ് 19; പ്രതിരോധ ഉപകരണങ്ങളും മരുന്നുകളും കൂടുതല്‍ പേരിലേക്ക്

post

കൊല്ലം: കോവിഡ് രണ്ടാം വ്യാപനത്തെ ചെറുക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങള്‍ കോവിഡ് പ്രതിരോധ മരുന്നുകളുടെയും പ്രതിരോധ ഉപകരണങ്ങളുടെയും വിതരണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിച്ചു. അലോപ്പതി ആയുര്‍വേദം, ഹോമിയോ പ്രതിരോധ മരുന്നുകളുടെയും പി.പി.ഇ കിറ്റ്, പള്‍സ് ഓക്സിമീറ്റര്‍, ആന്റിജന്‍ കിറ്റ് തുടങ്ങിയ പ്രതിരോധ സംവിധാനങ്ങളുടെയും വിതരണം ആണ്  ത്വരിതപ്പെടുത്തിയത്. കൂടാതെ മുന്‍കരുതല്‍ എന്ന നിലയില്‍ രോഗവ്യാപന സാധ്യതയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ഡോമിസിലറി കെയര്‍ സെന്ററുകളും സജ്ജമാക്കുന്നുണ്ട്.

കൊല്ലം കോര്‍പറേഷനിലെ പ്രാഥമിക ആരോഗ്യ  കേന്ദ്രങ്ങളിലേക്കുള്ള  കോവിഡ് പ്രതിരോധ മരുന്നുകള്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ക്ക് വിതരണംചെയ്തു. മുണ്ടയ്ക്കല്‍, വാടി, ഉളിയക്കോവില്‍  പി.എച്ച്. സികളിലേക്കുള്ള മരുന്നുകളാണ്  കൈമാറിയത്. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സ്ഥിരം സമിതി അധ്യക്ഷ•ാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

'കെയര്‍ കൊട്ടാരക്കര' പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ മുഴുവന്‍ വാര്‍ഡുകളിലെയും ആശവര്‍ക്കര്‍മാര്‍ക്ക് പള്‍സ് ഓക്സിമീറ്ററുകള്‍ വിതരണം ചെയ്യും. ഉമ്മന്നൂര്‍ പഞ്ചായത്തില്‍ നടന്ന പദ്ധതിയുടെ ഉദ്ഘാടനം നിയുക്ത എം.എല്‍.എ കെ. എന്‍. ബാലഗോപാല്‍  നിര്‍വഹിച്ചു.  കൊട്ടാരക്കര നഗരസഭയിലും മറ്റ് ഏഴു പഞ്ചായത്തുകളിലുമായുള്ള 159 വാര്‍ഡുകളിലാണ് പദ്ധതി നടപ്പിലാകുക. ആശാവര്‍ക്കര്‍മാര്‍ക്ക് കോവിഡ് രോഗികളുടേതുള്‍പ്പെടെയുള്ള  വീടുകളിലെത്തി ഓക്സിജന്‍ ലെവല്‍ പരിശോധിക്കുതിനായി പി.പി.ഇ കിറ്റും നല്‍കും. തെരുവില്‍ കഴിയുന്ന മുഴുവനാളുകളെയും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി ഇ.ടി.സി മെന്‍സ് ഹോസ്റ്റലില്‍ പുനരധിവസിപ്പിക്കുമെന്ന് കൊട്ടാരക്കര നഗരസഭാ ചെയര്‍മാന്‍ എ. ഷാജു പറഞ്ഞു പറഞ്ഞു

പുനലൂര്‍ നഗരസഭയില്‍ ആര്‍.പി.എല്‍ തൊഴിലാളികള്‍ താമസിക്കുന്ന കേളങ്കാവ് വാര്‍ഡില്‍ ഡി.സി.സി പ്രവര്‍ത്തനമാരംഭിച്ചു. 25 പേര്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യമാണ് ഇവിടെ ഉള്ളത്. നെല്ലിപ്പള്ളിയിലുള്ള പോളിടെക്നിക് ഹോസ്റ്റലിലും  ഡി.സി.സി സജ്ജമാണ്. ഇവിടെ നൂറു പേരെ പാര്‍പ്പിക്കാനുള്ള സൗകര്യമുണ്ട്. രണ്ടിടത്തും  രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി. നിയുക്ത എം.എല്‍.എ പി. എസ്. സുപാല്‍ ഇന്ന് (മെയ് 18)ഡി.സി.സികള്‍ സന്ദര്‍ശിക്കും. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ വാര്‍ഡ് തലം കേന്ദ്രീകരിച്ച് ഓരോ ആഴ്ചയിലും ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തുവാനുള്ള തീരുമാനമെടുത്തതായി ചെയര്‍പേഴ്സണ്‍ നിമ്മി എബ്രഹാം പറഞ്ഞു.

ശാസ്താംകോട്ടയില്‍ ആവശ്യമായ ഫോഗിങ് മെഷീനുകള്‍, ആന്റിജന്‍ കിറ്റുകള്‍, ഓക്സി മീറ്ററുകള്‍ എന്നിവ വാങ്ങാന്‍ തീരുമാനമായി. ശൂരനാട് തെക്ക് പഞ്ചായത്തിലെ ഗുഡ്വില്‍ ആശുപത്രിയില്‍ ഇന്ന് (മെയ് 18) ഡി.സി.സി പ്രവര്‍ത്തനമാരംഭിക്കും. 40 പേര്‍ക്കുള്ള കിടക്കകളാണ് ഒരുക്കിയിരിക്കുന്നത്. സന്നദ്ധ പ്രവര്‍ത്തനത്തിന് 15 പേരെ ഒരോ  വാര്‍ഡില്‍ നിന്നും തെരഞ്ഞെടുത്തതായും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹന സൗകര്യങ്ങള്‍ ഒരുക്കിയതായും പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പറഞ്ഞു.

ചടയമംഗലത്ത് കടയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ 'ഭേഷജം' പദ്ധതി മുഖേന ആയുര്‍വേദത്തില്‍ താല്പര്യമുള്ള കോവിഡ് രോഗികള്‍ക്ക്  ചികിത്സ നല്‍കിവരുന്നു. നിരാമയ പോര്‍ട്ടല്‍ മുഖേന ടെലി കൗണ്‍സിലിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.  ആയുര്‍വേദ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ട്. ആയൂര്‍ മര്‍ത്തോമ സ്‌കൂളില്‍ ആരംഭിച്ച ഡി.സി.സിയില്‍ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി. ബ്ലോക്ക് പരിധിയിലുള്ള എട്ട് ഗ്രാമപഞ്ചായത്തുകളിലും പി.പി.ഇ. കിറ്റ് ഇന്ന് (മെയ് 18) വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ലതിക വിദ്യാധരന്‍ പറഞ്ഞു.

മുഖത്തലയില്‍ കോവിഡ് അതിതീവ്ര വ്യാപന മേഖലകള്‍ കണക്കാക്കി ആന്റിജന്‍ കിറ്റുകള്‍ നല്‍കും. തൃക്കോവില്‍വട്ടം പഞ്ചായത്തില്‍ 40 ഉം കൊറ്റംങ്കര, ഇളമ്പള്ളൂര്‍ പഞ്ചായത്തുകളില്‍ 30 വീതവും ഓക്സിമീറ്ററുകള്‍ ലഭ്യമാക്കും. നെടുമ്പന സി എഫ് എല്‍ ടി സിയില്‍ 50 കിടക്കകള്‍ കൂടി അധികമായി സജ്ജമാക്കും. മയ്യനാട് സി.എച്ച്.സിയില്‍ 50 കിടക്കകളുള്ള  സി.എഫ്.എല്‍.ടി.സി തുടങ്ങാന്‍ തീരുമാനമായി. ആദ്യ ഘട്ടത്തില്‍ 35 ഓക്സിജന്‍ അറ്റാച്ച്ഡ് കിടക്കകള്‍ ഇവിടെ ഒരുക്കുമെന്ന്  മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.യശോദ പറഞ്ഞു.

ചവറ തെക്കുംഭാഗം ഗ്രാമപഞ്ചായത്തില്‍ ഡി.സി.സി പ്രവര്‍ത്തന സജ്ജമാണ്. പഞ്ചായത്തിലേക്ക് ആവശ്യമായ 50 പള്‍സ് ഓക്സിമീറ്ററുകള്‍ ഉടന്‍ വിതരണം ചെയ്യും. 13 വാര്‍ഡുകളിലായി 320 ക്ലസ്റ്ററുകള്‍ രൂപീകരിച്ച് വളണ്ടിയര്‍മാര്‍ മരുന്നുകളും ഭക്ഷണങ്ങളും മറ്റ് അവശ്യവസ്തുക്കളും എത്തിച്ചു നല്‍കുന്നതായും കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരന്‍ പറഞ്ഞു. പത്തനാപുരത്തെ വിളക്കുടിയില്‍ 13 വാര്‍ഡുകളിലും ഹോമിയോ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സി.എഫ്. എല്‍.ടി.സിയില്‍ ഏഴു ഓക്സിജന്‍ സിലിണ്ടറുകള്‍ കൂടി സജ്ജമാക്കിയതായി വിളക്കുടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോയിമോന്‍ പറഞ്ഞു.

ഓച്ചിറയിലെ തൊടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ അനുദിന കോവിഡ് രോഗികളുടെ എണ്ണവും മറ്റ്  വിവരങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രതിദിന വാര്‍ റൂം ബുള്ളറ്റിന്‍ പ്രസിദ്ധീകരിച്ചുവരുന്നു. 750 ക്ലസ്റ്റര്‍ ഗ്രൂപ്പുകള്‍ ആയാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. പഞ്ചായത്ത് പരിധിയിലെ സന്നദ്ധപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി രൂപീകരിച്ച 'തൊടിയൂര്‍ സാന്ത്വന നാദ'ത്തിന്റെ പ്രവര്‍ത്തനവും കാര്യക്ഷമമാണ്. എട്ടോളം ടാക്സി വാഹനങ്ങള്‍ ആണ് ആംബുലന്‍സ് സേവനത്തിനായി ഒരുക്കിയിട്ടുള്ളത്.