പാര്‍ലമെന്റ് ഇന്ത്യന്‍ ഭരണഘടനക്ക് വിധേയമായി പ്രവര്‍ത്തിക്കണം: മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

post

കൊല്ലം : പാര്‍ലമെന്റും നിയമ നിര്‍മാണസഭകളും ഇന്ത്യന്‍ ഭരണഘടനക്ക് വിധേയമായി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ അഭിപ്രായപ്പെട്ടു. കൊല്ലം ലാല്‍ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ ബഹുസ്വരതയെ അംഗീകരിക്കുന്ന അന്തസത്തയാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം പോലും നിര്‍ണയിക്കപ്പെടുന്ന സ്ഥിതിവിശേഷം സംജാതമായിരിക്കുകയാണ്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല. മതേതരത്വത്തിന് കോട്ടം സംഭവിക്കുന്ന ഒരു കാര്യവും രാജ്യത്ത് സംഭവിക്കാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.
ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഉപരിയായി പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് ഭരണഘടനാ ശില്പിയായ ഡോ അംബേദ്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിരവധി രാജ്യങ്ങളിലെ ഭരണസംവിധാനങ്ങള്‍ വിശകലനം ചെയ്തശേഷമാണ് അദ്ദേഹം ഈ അഭിപ്രായത്തില്‍ എത്തിയത്. നീണ്ട ചര്‍ച്ചകള്‍ക്കും അഭിപ്രായ സമന്വയങ്ങള്‍ക്കും ശേഷം രൂപംകൊണ്ട ഇന്ത്യയുടെ ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊള്ളാന്‍ എല്ലാവരും തയ്യാറാവണമെന്നും മന്ത്രി പറഞ്ഞു. ദേശീയ പതാക ഉയര്‍ത്തിയ മന്ത്രി തുടര്‍ന്ന് പരേഡിനെ അഭിവാദ്യം ചെയ്തു.
ജില്ലാ കലക് ടര്‍ ബി അബ് ദുല്‍ നാസര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന്‍, റൂറല്‍ പൊലീസ് മേധാവി ഹരിശങ്കര്‍ എന്നിവര്‍ പ്രധാന വേദിയില്‍ മന്ത്രിക്കൊപ്പം നിലയുറപ്പിച്ചു. മേയര്‍ ഹണി ബഞ്ചമിന്‍ സ്വാതന്ത്ര്യ സമരസേനാനികളെ ആദരിച്ചു. എം നൗഷാദ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, സബ് കലക് ടര്‍ അനുപം മിശ്ര, ഡെപ്യൂട്ടി മേയര്‍ എസ് ഗീതാകുമാരി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായി. പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, ഫയര്‍ ആന്റ് റസ്‌ക്യൂ, എന്‍ സി സി, സ്‌കൗട്സ് ആന്റ് ഗൈഡ്സ്, റെഡ് ക്രോസ്, വിവിധ ബാന്റ് പ്ലാറ്റൂണുകള്‍ തുടങ്ങിയവര്‍ പരേഡില്‍ അണിനിരന്നു. ചവറ എസ് എച്ച് ഒ എ.നിസാമുദ്ദീന്‍ പരേഡ് നയിച്ചു. തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഡിസ്പ്ലേ, ദേശഭക്തിഗാനങ്ങള്‍ എന്നിവ അരങ്ങേറി.