കോവിഡ് രണ്ടാം തരംഗത്തില്‍ സജീവമായി ആയുര്‍രക്ഷാ ക്ലിനിക്കുകള്‍

post

പാലക്കാട് : ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലെ ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ കോവിഡ് രണ്ടാം തരംഗത്തില്‍ കൂടുതല്‍ സജീവമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) അറിയിച്ചു. ഗുരുതരമായ ലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് രോഗികളാണ് ആയുര്‍വ്വേദ ചികിത്സയെ ആശ്രയിക്കുന്നത്.  കേന്ദ്ര ആയുഷ് മന്ത്രാലയം കോവിഡ് ചികിത്സയ്ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള, ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ട ആയുര്‍വ്വേദ മരുന്നുകളാണ് ഭേഷജം പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്. രോഗം സ്ഥിരീകരിക്കപ്പെട്ടാല്‍ അതത് പഞ്ചായത്തിലെ ഗവ. ആയുര്‍വ്വേദ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാല്‍ ആശാ വര്‍ക്കര്‍മാര്‍ മുഖേന മരുന്നുകള്‍ വീടുകളിലേയ്ക്ക് എത്തിക്കും. ഭേഷജം പദ്ധതിയിലൂടെ ജില്ലയിലെ 104 ആയുര്‍രക്ഷാ ക്ലിനിക്കുകളിലായി 8333 പേര്‍ക്ക് ഔഷധങ്ങള്‍ നല്‍കിക്കഴിഞ്ഞു. രോഗം സ്ഥിരീകരിച്ച് തുടക്കത്തിലേ ആയുര്‍വ്വേദ ഔഷധങ്ങള്‍ കഴിക്കുന്നവര്‍ ഗുരുതര അവസ്ഥയിലേക്ക് പോകുന്നത് വളരെക്കുറവാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓക്സിജന്‍ സാച്ചുറേഷന്‍ കുറയുന്നത് തടയുകയാണ് ഭേഷജം പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.


കോവിഡ് രോഗികള്‍, ക്വാറന്റൈയിനിലുള്ളവര്‍, രോഗം ഭേദമായവര്‍ എന്നിവര്‍ക്ക് മാനസിക സമ്മര്‍ദ്ദം കൂടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ ഡോക്ടറുടെ സഹായം തേടുന്നതിനും ഭാരതീയ ചികിത്സാ വകുപ്പ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ഇതിനായി ജീവാമൃതം ടെലി കൗണ്‍സലിങ് സംവിധാനമുണ്ട്. കൗണ്‍സലിങിനായി ഡോ. ഷമീന ജസീലിനെ 9526942342 നമ്പറില്‍ ബന്ധപ്പെടാം. കോവിഡ് രണ്ടാം തരംഗം നേരിടുന്നതിനായി SAVE ക്യാമ്പയിനിന്റെ തുടര്‍ച്ചയായി ആയുര്‍ ഹെല്‍പ് കാള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രോഗപ്രതിരോധ ചികിത്സ, കോവിഡാനന്തര ആരോഗ്യ പുനഃസ്ഥാപനം എന്നിവയില്‍ സര്‍ക്കാര്‍/ സ്വകാര്യ മേഖലയില്‍ ലഭ്യമായ ആയുര്‍വ്വേദ സേവനങ്ങള്‍, കോവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍, വാക്സിന്‍ സംബന്ധിച്ച സംശയങ്ങള്‍ക്കും വിദഗ്ധ ഉപദേശങ്ങള്‍  ലഭ്യമാണ്. 250ലധികം ഡോക്ടര്‍മാര്‍ വളണ്ടിയര്‍മാരായിട്ടുള്ള ആയുഷ് ഡിപ്പാര്‍ട്ട്മെന്റ്, നാഷണല്‍ ആയുഷ് മിഷന്‍, ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഹെല്‍പ് ലൈന്‍ നമ്പര്‍ - 7034940000.