കെ.എം.എം.എല്ലിന്റെ കോവിഡ് ചികിത്സാകേന്ദ്രം ഉടന്‍ പ്രവര്‍ത്തനസജ്ജമാകും

post

കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പൊതുമേഖലാ സ്ഥാപനമായ കെ. എം. എം. എല്‍. ചവറ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സജ്ജമാക്കുന്ന കോവിഡ് ചികിത്സാകേന്ദ്രം ഉടന്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഗൂഗിള്‍ യോഗത്തിലാണ് അറിയിച്ചത്. രോഗവ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തടസ്സരഹിതമായ ഓക്സിജന്‍ ക്രമീകരണങ്ങളും ആധുനിക സംവിധാനങ്ങളും ചികിത്സാ കേന്ദ്രത്തില്‍ സജ്ജമാക്കുമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലാ കലക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ എന്നിവരടങ്ങുന്ന സംഘം കേന്ദ്രം സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി.

ആദിവാസി, പട്ടികജാതി-പട്ടികവര്‍ഗ മേഖലകളില്‍ കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് ഊര്‍ജിതമാക്കും. വൃദ്ധസദനങ്ങളിലും പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളിലും വാക്സിനേഷന്‍ കാര്യക്ഷമമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. കോവിഡ് ചികിത്സയ്ക്ക് ആശുപത്രികള്‍ അമിതചാര്‍ജ്ജ് ഈടാക്കുന്നത് തടയും. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി കണ്‍സ്ട്രക്ഷന്‍ ഷോപ്പുകള്‍ക്ക് പ്രവര്‍ത്തനാനുമാതിയില്ല എന്നാല്‍ കോവിഡ് മാനദണ്ഡം പാലിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താം. നിശ്ചിത എണ്ണം തൊഴിലുറപ്പ് അംഗങ്ങള്‍ക്കും ജോലി ചെയ്യാം, കലക്ടര്‍ വ്യക്തമാക്കി. തദ്ദേശസ്ഥാപന തലങ്ങളിലെ രോഗവ്യാപന നിരക്കും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും യോഗം വിലയിരുത്തി.