കുളക്കട ഇനി ഹരിത ചട്ടഗ്രാമം

post

കൊല്ലം :പൊതുപരിപാടികളിലെ ഹരിതചട്ട പാലനത്തിന് കുടുംബശ്രീ എ ഡി എസ് പ്രവര്‍ത്തകര്‍ക്ക്  500 ചില്ല് പ്ലേറ്റുകളും സ്റ്റീല്‍ ഗ്ലാസുകളും. എല്ലാ വീടുകളിലേക്കും  തുണി സഞ്ചിയും വിദ്യാര്‍ഥികള്‍ക്ക് സ്റ്റീല്‍ വാട്ടര്‍ ബോട്ടിലുകളും എത്തി. കുളക്കട ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് ഹരിത ചട്ടം പൂര്‍ത്തീകരിച്ച് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ വിജയ മാതൃകയായി. ശുചിത്വഗ്രാമം, പ്ലാസ്റ്റിക് രഹിതഗ്രാമം, സേഫ് കൊല്ലം പദ്ധതികളുടെ ഉദ്ഘാടനം കുളക്കട ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പി അയിഷാ പോറ്റി എം എല്‍ എ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ മിഷനുകളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്  ഹരിത കേരളമെന്ന് എം എല്‍ എ പറഞ്ഞു. ഹരിത കേരളം മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ടി എന്‍ സീമ  കുളക്കട വാര്‍ഡിനെ ഹരിത ചട്ടഗ്രാമമായി പ്രഖ്യാപിച്ചു.  സുരക്ഷിതമായ ജീവിതം ഓരോ പൗരന്റെയും അവകാശമാണ്. മാലിന്യം വലിച്ചെറിയാത്ത തെരുവുകളാണ് വരും തലമുറയ്ക്ക് ആവശ്യമെന്നും വൈസ് ചെയര്‍പേഴ്സണ്‍ പറഞ്ഞു.
ചടങ്ങില്‍ കുളക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി  സരസ്വതി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ആര്‍ രാജേഷ് സ്വാഗതം പറഞ്ഞു. പുനലൂര്‍ ആര്‍ ഡി ഒ ബി.ശശികുമാര്‍ ഹരിത ചട്ട പ്രതിജ്ഞ ചൊല്ലികൊടുത്തു. ജില്ലാ പഞ്ചായത്ത് അംഗം ആര്‍ രശ്മി, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ചന്ദ്രകുമാരി, ഹരിത കേരളം മിഷന്‍ ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ എസ് ഐസക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജെ ലീലാവതിയമ്മ, കോട്ടയ്ക്കല്‍ രാജപ്പന്‍, റ്റി ശ്രീജ, പഞ്ചായത്ത്  സെക്രട്ടറി ജി രാധാകൃഷ്ണന്‍, കൊട്ടാരക്കര സബ് ജയില്‍ സൂപ്രണ്ട് കെ സോമരാജന്‍,  ജനപ്രതിനിധികള്‍, ഹരിത കേരളം മിഷന്‍ ജീവനക്കാര്‍, തൊഴിലുറപ്പ്, കുടുംബശ്രീ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.