എല്ലാവരും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകണം: കലക്ടര്‍ ബി അബ്ദുല്‍ നാസര്‍

post

കൊല്ലം : എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിച്ചു ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുള്‍ നാസര്‍.   തിരഞ്ഞെടുപ്പ് വിഭാഗവും ജില്ലാ ഭരണകൂടവും ചേര്‍ന്ന് സംഘടിപ്പിച്ച ദേശീയ സമ്മതിദായക ദിനാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍ഹിക്കുകയായിരുന്നു അദ്ദേഹം. സമ്മതിദായകരാണ്  തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ഏറ്റവും പ്രധാന ഘടകമെന്നും രാഷ്ട്രത്തിന്റെ ഭാവി തീരുമാനിക്കുന്നത് അവരാണെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ പറഞ്ഞു. 
എ ഡി  എം പി ആര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായ പരിപാടിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ വീഡിയോ സന്ദേശം പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് 'സുസ്ഥിര ജനാധിപത്യത്തിന് തിരഞ്ഞെടുപ്പ് സാക്ഷരത' എന്ന വിഷയത്തില്‍ മുളങ്കാടകം  യു ഐ ടി പ്രിന്‍സിപ്പാള്‍ ഡോ എ മോഹനകുമാര്‍ സംസാരിച്ചു. ഡോക്യുമെന്ററി സംവിധായകനും നടനുമായ ബിജു നെട്ടറ സമ്മതിദായക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌കൂള്‍ തലത്തില്‍ നടത്തിയ കത്തെഴുത്ത് മത്സരത്തിലെ വിജയികള്‍ക്ക് സബ് കലക്ടര്‍ അനുപം മിശ്ര പുരസ്‌കാരം നല്‍കി.  ജില്ലാ ഭരണകൂടം സംഘടിപ്പിച്ച തൊഴില്‍ മേളയില്‍ വോളണ്ടിയര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കോളേജ് വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു. തുടര്‍ന്ന് ഫീമെയില്‍ വോയിസ് സിംഗര്‍ ശരത് കൊല്ലം ഗാനമാലപിച്ചു. ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധി രജനി പുതിയ സമ്മതിദായകര്‍ക്ക് തെരഞ്ഞെടുപ്പ് ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്തു. കലക്ടറേറ്റില്‍ നടന്ന പരിപാടിയില്‍ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടികളക്ടര്‍ ശോഭ എസ്, ഡെപ്യൂട്ടികളക്ടര്‍മാരായ ജ്യോതി ലക്ഷ്മി ആര്‍ ഐ,  എം എ റഹിം,  ജില്ലാ  ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി അജോയ്,  കൊല്ലം തഹസില്‍ദാര്‍ ബി പി അനി, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍, സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.