വാക്സിനെടുക്കാന്‍ വരുന്നവര്‍ നിര്‍ബന്ധമായും സമയക്രമം പാലിക്കണം: ജില്ലാ കലക്ടര്‍

post

വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ ശക്തമായ നടപടി

കണ്ണൂര്‍ : കൊവിഡ് വാക്സിന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ഓരോരുത്തരും തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട സമയത്ത് മാത്രമേ വിതരണ കേന്ദ്രങ്ങളില്‍ എത്തിച്ചേരാവൂ എന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് കര്‍ശന നിര്‍ദ്ദേശം നല്‍കി. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വാക്സിന്‍ വിതരണ കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഓരോ ആള്‍ക്കും പ്രത്യേക സമയം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഈ സമയക്രമം പാലിക്കാതെ ഉച്ചയ്ക്കു ശേഷം സമയം ലഭിച്ചവര്‍ പോലും രാവിലെത്തന്നെ വിതരണ കേന്ദ്രത്തിലെത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇങ്ങനെ സമയക്രമം തെറ്റിച്ച് ആളുകള്‍ വരുന്നത് കാരണം ചില വാക്സിന്‍ വിതരണ കേന്ദ്രങ്ങളില്‍ തിരക്ക് അനുഭവപ്പെടുന്ന സ്ഥിതിയുണ്ട്. ഇത് അനുവദിക്കാനാവില്ലെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. വാക്സിന്‍ എടുക്കാന്‍ എത്തുന്നവരുടെ മൊബൈലിലുള്ള രജിസ്ട്രേഷന്‍ വിവരങ്ങള്‍ പരിശോധിച്ച് അനുവദിച്ച സമയത്ത് തന്നെയാണോ എത്തിയതെന്ന് പോലിസ് ഉറപ്പുവരുത്തണം. അനുവദിക്കപ്പെട്ട സമയത്തിനു മുമ്പേ എത്തി അനാവശ്യ തെരക്ക് സൃഷ്ടിക്കുന്നവരെ കണ്ടെത്താനും ശക്തമായ നടപടി സ്വീകരിക്കാനും പോലിസ് മേധാവികള്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിക്കാതെ ആളുകള്‍ ഒരുമിച്ചുകൂടുന്നത് തടയുന്നതിനാണ് വാക്സിന്‍ വിതരണ കേന്ദ്രങ്ങളിലെ സ്പോട്ട് രജിസ്ട്രേഷന്‍ നിര്‍ത്തലാക്കുകയും രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി മാത്രമാക്കുകയും ചെയ്തത്. മണിക്കൂര്‍ ഇടവിട്ടാണ് ആളുകള്‍ക്ക് സമയം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഇത് പാലിക്കാതെ നേരത്തേ വരുന്നവര്‍ പദ്ധതിയുടെ ലക്ഷ്യത്തെ തന്നെ പരാജയപ്പെടുത്തുകയാണ് ചെയ്യുന്നത്. സ്വയം അപകടത്തില്‍ പെടുകയും മറ്റുള്ളവരെ അപകടത്തിലാക്കുകയും ചെയ്യുന്ന ഇത്തരം പ്രവൃത്തികള്‍ ആരുടെയും ഭാഗത്തുനിന്നുണ്ടാവരുതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

tthps://www.cowin.gov.in ലോ ആരോഗ്യ സേതു ആപ്പ് വഴിയോ രജിസ്റ്റര്‍ ചെയ്തവര്‍ മാത്രമേ വാക്‌സിനേഷന്‍ കേന്ദ്രത്തിലേക്ക് വരാന്‍ പാടുള്ളൂ. സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി വാക്സിനെടുക്കേണ്ട കേന്ദ്രം, തീയതി, സമയം എന്നിവ ലഭിച്ചവര്‍ മാത്രമേ വാക്സിനേഷന്‍ കേന്ദ്രങ്ങളിലെത്താവൂ. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. വാക്‌സിന്‍ എടുക്കാന്‍ എത്തുന്നവര്‍ ആധാര്‍ കാര്‍ഡോ ഫോട്ടോ പതിച്ച മറ്റേതെങ്കിലും അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡോ കൈയില്‍ കരുതണം. അതോടൊപ്പം വാക്സിന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച നമ്പറുള്ള മൊബൈലും കൈവശമുണ്ടായിരിക്കണം.