ആദിവാസിമേഖലകളില്‍ വാക്സിനേഷന്‍ ഊര്‍ജിതമാക്കും - ജില്ലാ കലക്ടര്‍

post

കൊല്ലം : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ ആദിവാസി മേഖലകളില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് പ്രത്യേക സംവിധാനമൊരുക്കി വാക്സിനേഷന്‍ ഊര്‍ജിതമാക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തിലാണ് അറിയിച്ചത്.

ഓക്സിജന്‍ ക്രമീകരണ പ്രവര്‍ത്തനങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും തീപിടുത്തം ഉണ്ടാകാനുള്ള സാധ്യതകള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സ്റ്റെപ് ഡൗണ്‍ സി.എഫ്.എല്‍. ടി.സി കളും ഐ.സി.യു വെന്റിലേറ്ററുകളും വര്‍ധിപ്പിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റില്‍ പോസിറ്റീവ് ആകുന്നവര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തദ്ദേശസ്ഥാപന അധികാരികള്‍ കൃത്യമായി നല്‍കണം. മരുന്നുകള്‍ കൊണ്ടുവരുന്ന തിരിച്ചറിയല്‍ രേഖകളുള്ള കൊറിയര്‍ സര്‍വീസ് ജീവനക്കാരെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്നും(ഏപ്രില്‍ 24)നാളെയും(ഏപ്രില്‍ 25)ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയതായും കലക്ടര്‍ വ്യക്തമാക്കി.

എ.ഡി.എം അലക്സ്പി.തോമസ്, സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണന്‍ ജില്ലാ സര്‍വവൈലന്‍സ് ഓഫീസര്‍ ഡോ. ആര്‍.സന്ധ്യ, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.