ഹരിതവഴിയില്‍ കൈകോര്‍ക്കാം; ഇവിടെ തുണിസഞ്ചിയാണ് താരം

post

കൊല്ലം : ഹരിത വഴിയില്‍ സഞ്ചരിക്കാന്‍ പ്ലാസ്റ്റിക്കിന് ബദല്‍ മാര്‍ഗമൊരുക്കി ഒരു കൂട്ടം വനിതകള്‍. പുനലൂര്‍ പ്രിമേരോ അപ്പാരല്‍ പാര്‍ക്കിലെ റെഡിമെയ്ഡ് ഗൗണ്‍, ചുരിദാര്‍, യൂണിഫോം എന്നിവയ്ക്ക് പകരം ഇവിടെ നിര്‍മിക്കുന്ന തുണി സഞ്ചിയാണ് ഇപ്പോഴത്തെ താരം. പഴ്‌സ് രൂപത്തില്‍ മടക്കി ഉപയോഗിക്കാവുന്ന  തുണിസഞ്ചികളാണ് പ്രധാനമായും നിര്‍മിക്കുന്നത്.  ഒരു ദിവസം  200 മുതല്‍ 500 വരെ സഞ്ചികള്‍ വില്‍പ്പനയ്ക്കായി   തയ്യാറാക്കുന്നു. കോട്ടണ്‍, ജൂട്ട് തുടങ്ങിയ തുണിത്തരങ്ങള്‍  ഉപയോഗിച്ചാണ് നിര്‍മാണം. കഴുകി ഉപയോഗിക്കാമെന്ന പ്രത്യേകതയുള്ളതിനാല്‍ തുണി സഞ്ചികള്‍ക്ക് ആവശ്യക്കാരേറെയാണ്. 10 രൂപ മുതല്‍ 60 രൂപ വരെയാണ് വില. പ്ലാസ്റ്റിക് പൂര്‍ണമായും നിരോധിച്ചതോടെ തുണിസഞ്ചികളുടെ സ്വീകാര്യത  വര്‍ധിച്ചുവരികയാണെന്ന് ജീവനക്കാരി ഷെമി ഗണേശന്‍ പറഞ്ഞു. നഗരസഭയുടെ 35 വാര്‍ഡുകളില്‍ നിന്നുള്ള 50 കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് അപ്പാരല്‍ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. റെഡിമെയ്ഡ് വസ്ത്ര നിര്‍മാണത്തിനായി ആരംഭിച്ച അപ്പാരല്‍ പാര്‍ക്ക് തുണി സഞ്ചി നിര്‍മാണത്തില്‍ വിപ്ലവം സൃഷ്ടിച്ച് മുന്നേറുകയാണ്. കുടുംബശ്രീ സംരംഭകര്‍ക്ക് ഒരു വരുമാനം എന്നതിനു പുറമേ ബയോ കമ്പോസ്റ്റബിള്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവയെ ഒഴിവാക്കുന്നതിന് അപ്പാരല്‍ പാര്‍ക്കിന്റെ  തുണിസഞ്ചി നിര്‍മ്മാണം മുതല്‍ക്കൂട്ടാകുമെന്ന് പുനലൂര്‍ നഗരസഭ ചെയര്‍മാന്‍ കെ. രാജശേഖരന്‍ പറഞ്ഞു.