ബൂത്തില്‍ താരമായി 'പോള്‍ മാനേജര്‍' ആപ്പ്

post

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് നടപടികള്‍ ചിട്ടയായി കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കുന്നതില്‍ താരമായത് 'പോള്‍ മാനേജര്‍' മൊബൈല്‍ ആപ്പ്. ഓരോ ബൂത്തിലും അനുനിമിഷം നടക്കുന്ന കാര്യങ്ങള്‍ ജില്ലാ തലത്തിലുള്ള കണ്‍ട്രോള്‍ റൂമില്‍ നിന്ന് നേരിട്ട് നിരീക്ഷിക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും പോള്‍ മാനേജര്‍ ആപ്പ് ഏറെ സഹായകമായി.

പോളിംഗിന് തലേ ദിവസം പോളിങ്ങ് സംഘം വിതരണ കേന്ദ്രത്തില്‍ നിന്ന് പുറപ്പെട്ടത് മുതല്‍ വോട്ടെടുപ്പിന് ശേഷം വോട്ടിംഗ് മെഷീന്‍ ഉള്‍പ്പെടെയുള്ളവയുമായി സ്വീകരണ കേന്ദ്രത്തില്‍ തിരിച്ചെത്തുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും പോള്‍ മാനേജറുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. വിതരണ കേന്ദ്രത്തില്‍ നിന്ന് പുറപ്പെട്ട സമയം, ബൂത്തില്‍ എത്തിയ സമയം, മോക്പോള്‍, വോട്ടെടുപ്പ് തുടങ്ങിയത്, വോട്ടെടുപ്പ് അവസാനിച്ചത് തുടങ്ങി 21 ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഫീഡ് ചെയ്യാനുള്ള സംവിധാനമാണ് പോള്‍ മാനേജര്‍ ആപ്പിലുണ്ടായിരുന്നത്. ഓരോ ചോദ്യത്തിനും മറുപടി നല്‍കി മാത്രം അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ കഴിയുന്ന രീതിയായിരുന്നു ഇതില്‍.

വോട്ടെുപ്പിന്റെ വിശദാംശങ്ങള്‍ അപ്പപ്പോള്‍ അപ്ലോഡ് ചെയ്യാനും ക്രമീകരണമുണ്ടായിരുന്നു. വോട്ടെടുപ്പ് അവസാനിക്കുന്ന ഏഴു മണിക്ക് എത്ര പേര്‍ ബൂത്തില്‍ വരി നില്‍ക്കുന്നുവെന്നും, വോട്ടെടുപ്പ് പൂര്‍ത്തിയായ സമയവും, ആകെ പോള്‍ ചെയ്ത വോട്ടും ഇതില്‍ അപ്ലോഡ് ചെയ്തത് ജില്ലാ തലത്തിലെ വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ എളുപ്പാമയി. പ്രിസൈഡിംഗ് ഓഫീസറോ ഫസ്റ്റ് പോളിംഗ് ഓഫീസറോ ആണ് ബൂത്തുകളില്‍ നിന്ന് ഈ വിവരങ്ങള്‍ അപ്ലോഡ് ചെയ്തത്. ചീഫ് ഇലക്ടറല്‍ ഓഫീസര്‍, ജില്ലാ ഇലക്ഷന്‍ ഓഫീസര്‍, അസി. റിട്ടേണിങ്ങ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് ലൈവായി ഇത് നിരീക്ഷിക്കാന്‍ കഴിയും വിധമായിരുന്നു സംവിധാനം.

ബൂത്തുകളില്‍ വോട്ടെടുപ്പ് തടസ്സപ്പെടാന്‍ ഇടയാക്കാവുന്ന പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അടിയന്തര പരിഹാരത്തിനുള്ള സംധാനവും ആപ്പിലുണ്ടായിരുന്നു. എസ്ഒഎസ് ബട്ടണ്‍ ഉപയോഗിച്ച് വിവരം ജില്ലാ തല കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാന്‍ കഴിയും. ക്രമസമാധന പ്രശ്നം, വോട്ടിങ്ങ് മെഷീന്‍- വിവിപാറ്റ് തകരാറ്, വൈദ്യുതി തടസ്സം, കൊവിഡ് എമര്‍ജന്‍സി തുടങ്ങിയ എന്നീ പ്രശ്നങ്ങള്‍ അധികൃതരെ അറിയിക്കാണ് എസ്ഒഎസ് ബട്ടണ്‍ സംവിധാനം ചെയ്തത്. എസ്ഒഎസ് സംവിധാനം വഴി ലഭിച്ച 50ലേറെ സന്ദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ വോട്ടിംഗ് യന്ത്രത്തിന്റെ തകരാറുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലായിരുന്നു. ഇതുവഴി ലഭിച്ച സന്ദേശങ്ങളില്‍ ജില്ലാ തല കണ്‍ട്രോള്‍ റൂമില്‍ നിന്ന് അടിയന്തര ഇടപെടലും പരിഹാരവുമുണ്ടാക്കാന്‍ സാധിച്ചു. ഇത് പോളിങ്ങ് തടസ്സപ്പെടാതെ കൊണ്ടുപോകാന്‍ ഏറെ സഹായകമായി. പോളിംഗുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ പുരോഗതിയുടെ തല്‍സമയ വിവരങ്ങള്‍ അറിയാന്‍ ലൈവ് അപേഡ്റ്റ്സ് സംവിധാനവും ആപ്പിലുണ്ടായിരുന്നു.

നിയമസഭാ മണ്ഡലം തലത്തിലും ബൂത്ത് തലത്തിലുമുളള പോളിംഗ് ശതമാനം, ആകെ വോട്ടര്‍മാരുടെ എണ്ണം, പോള്‍ ചെയ്ത വോട്ടുകള്‍, ലിംഗാടിസ്ഥാനത്തിലുള്ള പോളിംഗിന്റെ കണക്ക് തുടങ്ങിയ വിവരങ്ങള്‍ അപ്പപ്പോള്‍ പോള്‍ മാനേജര്‍ ആപ്പില്‍ ലഭ്യമായിരുന്നു. മാധ്യമങ്ങള്‍ക്ക് ഓരോ 15 മിനുട്ടിലും പോളിംഗ് ശതമാനത്തിന്റെ വിവരങ്ങള്‍ നല്‍കാനും ഈ മൊബൈല്‍ ആപ്പ് സഹായകമായി. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ - കേരളയുടെ കണ്ണൂരിലെ മൊബൈല്‍ ആപ്പ് ഡവലപ്മെന്റ് കംപീറ്റന്‍സി സെന്ററാണ് പോള്‍ മാനേജര്‍ ആപ്പ് വികസിപ്പിച്ചത്.