ചൂഷണങ്ങള്‍ക്കെതിരെ പെണ്‍കുട്ടികള്‍ ശബ്ദമുയര്‍ത്തണം ജില്ലാ കലക്ടര്‍

post

കൊല്ലം : ചൂഷണങ്ങള്‍ക്കെതിരെ പെണ്‍കുട്ടികള്‍ ശബ്ദമുയര്‍ത്തി സമൂഹത്തിന് വഴികാട്ടികളാവണമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ദേശവ്യാപകമായി ബാലികാദിനം ആചരിക്കുന്നതിന്റെ ഭാഗമായി ശൈശവ വിവാഹ നിരോധനം മുഖ്യവിഷയമാക്കി വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ച ബാലികാ ദിനാചരണം കൊല്ലം ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെണ്‍കുട്ടികളുടെ സമത്വം, അതിക്രമങ്ങള്‍ക്കെതിരെയുള്ള രക്ഷാ മാര്‍ഗങ്ങള്‍, ആണ്‍പെണ്‍ അനുപാതത്തിലുള്ള വ്യത്യാസത്തെ മറികടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളെ ആസ്പദമാക്കിയാണ് ഓരോ വര്‍ഷവും ബാലികാദിനം ആചരിക്കാറുള്ളത്. ശൈശവ വിവാഹത്തെ സംബന്ധിച്ച ആനുകാലിക സംഭവങ്ങളും മാറുന്ന സാമൂഹ്യാന്തരീക്ഷവും കുട്ടികളുടെ ശ്രദ്ധയില്‍പ്പെടുത്തി. സമരമുഖങ്ങളില്‍ സാന്നിധ്യമറിയിച്ച് ചരിത്രം രചിക്കുകയാണ് ഇന്നത്തെ പെണ്‍കുട്ടികളെന്നും ആത്മ വിശ്വാസത്തോടെ ഉയര്‍ന്ന ചിന്തകളിലേക്ക് എല്ലാവരും എത്തിച്ചേരണമെന്നും  കലക്ടര്‍ കുട്ടികളോട് പറഞ്ഞു.
സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എസ്. ബീന അധ്യക്ഷയായി. ജില്ലാ വനിതാ വികസന ഓഫീസര്‍ എസ്. ഗീതാകുമാരി, പി.ടി.എ. പ്രസിഡന്റ് ഡി. ജയകൃഷ്ണന്‍, ജില്ലാ ഐ.സി.ഡി.എസ്. സെല്‍ പ്രോഗ്രാം ഓഫീസര്‍ റ്റിജു റേച്ചല്‍ തോമസ്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ജി. പ്രസന്നകുമാരി, ഗവണ്‍മെന്റ് ഗേള്‍സ്      ഹൈസ്‌കൂള്‍ സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ ആര്‍. മിനി എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടന യോഗത്തിന് ശേഷം സൈക്കോളജിക്കല്‍ റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് കൗണ്‍സിലിലെ  ചീഫ് കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റായ ഡോ. ദേവിരാജ് ശൈശവ വിവാഹ നിരോധന നിയമം, ശൈശവ വിവാഹ നിയമത്തിലൂടെ പെണ്‍കുട്ടിക്ക് നഷ്ടമാകുന്ന അവകാശങ്ങള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസ്സുകളെടുത്തു.