ഇന്ന് ആറ് കൊവിഡ് മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍

post

കണ്ണൂര്‍ : ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 30) സര്‍ക്കാര്‍ മേഖലയില്‍ 78 ആരോഗ്യ കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിന്‍ നല്‍കും. കൂടാതെ കണ്ണൂര്‍ ജൂബിലി ഹാള്‍, പയ്യന്നൂര്‍ ബോയ്‌സ് സ്‌കൂള്‍, കൂത്തുപറമ്പ് മുന്‍സിപ്പല്‍ സ്‌റ്റേഡിയം പവലിയന്‍, തളിപ്പറമ്പ സെയ്ദ് നഗര്‍, ഇരിണാവ് ഹിന്ദു എല്‍ പി സ്‌കൂള്‍, തലശ്ശേരി മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍ എന്നിവ കൊവിഡ് മെഗാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകളില്‍ 500 1000 പേര്‍ക്കുള്ള വാക്‌സിനേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളില്‍ 60 വയസ്സിന് മുകളില്‍ ഉള്ള പൗരന്‍മാര്‍ 45 വയസ്സിനും 59 വയസ്സിനും പ്രായമുള്ള ഗുരുതര രോഗം ബാധിച്ചവര്‍ , ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. മുന്‍ഗണനാ വിഭാഗങ്ങളിലുള്ള  എല്ലാവര്‍ക്കും വാക്‌സിന്‍ വിതരണം അതിവേഗം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കൂടുതല്‍ സ്ഥലങ്ങളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കൂടാതെ 20 സ്വകാര്യ ആശുപത്രികളും വാക്‌സിനേഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍  സൗജന്യമായും സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായ 250 രൂപ നിരക്കിലും വാക്‌സിനേഷന്‍ ലഭ്യമാക്കും. കോവിന്‍ വെബ്‌സൈറ്റോ ആരോഗ്യസേതു ആപ്പോ വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാം. www.cowin.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ യുവര്‍ സെല്‍ഫ് എന്ന ഓപ്ഷന്‍  തെരഞ്ഞെടുക്കണം. തുറന്നു വരുന്ന വിന്‍ഡോയില്‍  മൊബൈല്‍ നമ്പര്‍ നല്‍കി ഗെറ്റ് ഒടിപി എന്ന ഓപ്ഷന്‍ ക്ലിക്  ചെയ്യുക. മൊബൈലില്‍ വരുന്ന ഒടിപി നല്‍കുക. ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖയിലെ നമ്പറും വ്യക്തിഗത വിവരങ്ങളും നല്‍കിയാല്‍ രജിസ്‌റ്റേര്‍ഡ് എന്ന സന്ദേശം ലഭിക്കും. തുടര്‍ന്ന് ലഭ്യമാകുന്ന വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ സൗകര്യപ്രദമായത് തെരഞ്ഞെടുക്കുക. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് കുടുംബത്തിലെ നാല് പേരെ രജിസ്റ്റര്‍ ചെയ്യാം. ഓരോരുത്തരും അവരവരുടെ തിരിച്ചറിയല്‍ രേഖ വിവരങ്ങള്‍ നല്‍കണം.