കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ ദേശീയ ലോക് അദാലത്ത്

post

ഇന്നും(മാര്‍ച്ച് 23), നാളെയും(മാര്‍ച്ച് 24) പരാതികള്‍ നല്‍കാം

കൊല്ലം: ജില്ലയിലെ കോടതികളില്‍ വിചാരണയില്‍ ഇരിക്കുന്നതും ഇതുവരെ കോടതിയുടെ പരിഗണനയ്ക്ക് വന്നിട്ടില്ലാത്തതുമായ തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കുവാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കി ജില്ലയിലെ എല്ലാ താലൂക്കുകളിലും ഏപ്രില്‍ 10 ന് രാവിലെ 10 മുതല്‍ നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കും. ഇതില്‍ പരിഗണിക്കുന്നതിനുള്ള പരാതികള്‍ മാര്‍ച്ച് 24 നകം താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍മാന് നല്‍കണം.

ജില്ലയിലെ വിവിധ കോടതികളില്‍ വിചാരണയിലിരിക്കുന്ന സിവില്‍ കേസുകള്‍, ദാമ്പത്യ തര്‍ക്കങ്ങള്‍, പൊന്നുംവില നഷ്ട പരിഹാര കേസുകള്‍, വാഹനാപകട നഷ്ട പരിഹാര കേസുകള്‍, പണമിടപാട് കേസുകള്‍, വസ്തു തര്‍ക്കങ്ങള്‍, വിധി നടത്തു കേസുകള്‍ എന്നിവയും ക്രിമിനല്‍ കോടതികളില്‍ വിചാരണയിലിരിക്കുന്ന ചെക്കു കേസുകള്‍, ഗാര്‍ഹിക പീഡന കേസുകള്‍ തുടങ്ങി രാജിയാകാവുന്ന ക്രിമിനല്‍ കേസുകളും അദാലത്തില്‍ ഉള്‍പ്പെടുത്തും. കൊല്ലം ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിലാണ് അദാലത്ത് നടത്തുന്നത്.

സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍, മറ്റ് സേവന ദാതാക്കള്‍ എന്നിവരുമായി ബന്ധപ്പെട്ടുള്ള വിവിധ പരാതികള്‍, തൊഴില്‍ തര്‍ക്കങ്ങള്‍, ലോണ്‍ കുടിശ്ശിക തര്‍ക്കങ്ങള്‍, ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റി, ടെലിഫോണ്‍ വകുപ്പുകളുമായി ബന്ധപ്പെട്ട ബില്‍ കുടിശ്ശിക തര്‍ക്കങ്ങള്‍, രജിസ്ട്രേഷന്‍, മോട്ടോര്‍ വാഹന വകുപ്പുകളുമായി ബന്ധപ്പെട്ട് പിഴ ചുമത്തി തീരാവുന്ന കേസുകള്‍ എന്നിങ്ങനെയുള്ള പൊതുജനങ്ങളുടെ പരാതികളും ലോക് അദാലത്തില്‍ പരിഗണിക്കും. പരാതികള്‍ക്ക് കോര്‍ട്ട് ഫീസില്ല. ലോക് അദാലത്തിന്റെ തീര്‍പ്പ് കോടതി വിധി പോലെ നടപ്പിലാക്കാവുന്നതും തീര്‍പ്പിനെതിരെ അപ്പീലിനോ തുടര്‍ വ്യവഹാരങ്ങള്‍ക്കോ സാധ്യതയില്ലാത്തതും അതിനാല്‍ ശാശ്വതമായ പരിഹാരത്തിന് വഴിയൊരുക്കുന്നതുമാണ്. വിശദ വിവരങ്ങള്‍ക്ക് അതത് ലീഗല്‍ സര്‍വീസ് കമ്മിറ്റി ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 8589026008(കൊല്ലം താലൂക്ക്), 9446557589(കരുനാഗപ്പള്ളി), 9495752471(കൊട്ടരക്കര), 9446728100(പത്തനാപുരം), 9447303220(കുന്നത്തൂര്‍) എന്നീ നമ്പരുകളില്‍ ലഭിക്കും.