ജില്ലാതല കുടുംബസംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

post

തൃശൂര്‍ : ലൈഫ് മിഷനിലൂടെ വീടുകള്‍ ലഭിച്ച ഗുണഭോക്താക്കളുടെ ജില്ലാതല കുടുംബ സംഗമവും ഭവനനിര്‍മ്മാണ പൂര്‍ത്തീകരണ പ്രഖ്യാപനവും  ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.തൃശൂര്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്ന് വീട് ലഭിച്ചവരും കുടുംബാംഗങ്ങളും ജനപ്രതിനിധികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പരിപാടിയില്‍ പങ്കെടുത്തു. സ്വന്തമായി വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ട കുടുംബങ്ങളുടെ സന്തോഷത്തില്‍ പങ്കുചേരുന്നതിനൊപ്പം ജില്ലയില്‍ മികച്ച രീതിയില്‍ ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ആദരിക്കലും ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയര്‍ വിതരണവും നടന്നു.

ലൈഫ് മിഷന്‍ പദ്ധതിയില്‍ സംസ്ഥാനത്തെ തന്നെ മികച്ച ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട തൃശൂര്‍ ജില്ലാ പഞ്ചായത്ത്, മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച തൃശൂര്‍ കോര്‍പ്പറേഷന്‍, 100 ശതമാനം ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍, കൂടുതല്‍ ഭവനങ്ങള്‍ പൂര്‍ത്തിയാക്കിയ പഞ്ചായത്തുകള്‍ എന്നിവയെ പുരസ്‌കാരം നല്‍കി ആദരിച്ചു. കൂടാതെ പദ്ധതിയെ പിന്തുണച്ചവരെയും വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരെയും ചടങ്ങില്‍ ആദരിച്ചു.   ഭിന്നശേഷിക്കാരായ നാല് പേര്‍ക്ക് ചടങ്ങില്‍ മന്ത്രി വീല്‍ ചെയറുകള്‍ വിതരണം ചെയ്തു. ജില്ലാ കളക്ടര്‍ ആവിഷ്‌കരിച്ച പ്രതീക്ഷ പദ്ധതിയുടെ ഭാഗമായാണ് ഇലക്ട്രിക്കല്‍ വീല്‍ ചെയറുകള്‍ വിതരണം ചെയ്തത്. മറ്റു പദ്ധതികളില്‍ ഉള്‍പ്പെടാത്തവരും നിര്‍ദ്ധനരുമായ 4 പേര്‍ക്കാണ് വീല്‍ ചെയറുകള്‍ നല്‍കിയത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് തുണി സഞ്ചികളും വിതരണം ചെയ്തു.സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 2 ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം സംസ്ഥാന തലത്തില്‍ നടക്കാനിരിക്കുന്നതിന് മുന്നോടിയായാണ് ജില്ലാതല പരിപാടി സംഘടിപ്പിച്ചത്.