ഹരിത പെരുമാറ്റച്ചട്ടം ഓര്‍മ്മിപ്പിക്കാന്‍ വേറിട്ട മാതൃക

post

കൊല്ലം : പ്രകൃതി സൗഹൃദ തിരഞ്ഞെടുപ്പ് സന്ദേശവുമായി കലക്‌ട്രേറ്റില്‍ ഒരുക്കിയത് ഹരിത പോളിംഗ് ബൂത്തിന്റെ വേറിട്ട മാതൃക. മാതൃക യന്ത്രത്തില്‍ വിരലമര്‍ത്തി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

പ്രകൃതി സൗഹാര്‍ദ്ദ തിരഞ്ഞെടുപ്പ് ബോധവത്കരണമാണ് ശുചിത്വമിഷന്‍ ലക്ഷ്യമിടുന്നത്. പൂര്‍ണമായും പ്രകൃതിസൗഹൃദ വസ്തുക്കളും പുനരുപയോഗ സാധ്യമായ വസ്തുക്കളും ഉപയോഗിച്ചാണ് ബൂത്ത് നിര്‍മിച്ചിരിക്കുന്നത്. ഉപയോഗ ശേഷം വോട്ടേഴ്‌സ് സ്ലിപ്പ് അടക്കമുള്ളവ നിക്ഷേപിക്കുന്നതിന് ഓല മെടഞ്ഞ കുട്ടകളും ഇവിടെയുണ്ട്.

ബൂത്തില്‍ എത്തുന്നവര്‍ക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എങ്ങനെ വോട്ട് രേഖപ്പെടുത്താം എന്ന് മനസിലാക്കാം. സമ്മതിദാന അവകാശം ആദ്യമായി വിനിയോഗിക്കുന്ന വോട്ടര്‍മാര്‍ക്ക് സംശയദൂരീകരണവും നടത്താം. ഇതിനായി പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.  കണ്‍ട്രോള്‍ബാലറ്റ് യൂണിറ്റുകളുടെ പ്രവര്‍ത്തനം തിരിച്ചറിയാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഹരിത കേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ഐസക്, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സൗമ്യ ഗോപാലകൃഷ്ണന്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.