സ്വാതന്ത്ര്യം എങ്ങനെ വിനിയോഗിക്കുന്നുവെന്ന് ആത്മപരിശോധന നടത്തണം-ഗവര്‍ണര്‍

post

സ്വാതന്ത്ര്യത്തിന്റെ അമൃതമഹോല്‍സവത്തിന് തുടക്കമായി

കൊല്ലം : സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സംഘടിപ്പിക്കപ്പെടുന്ന 75 ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന 'സ്വാതന്ത്ര്യത്തിന്റെ അമൃതമഹോല്‍സവം' ആഘോഷ പരിപാടികള്‍ക്ക് കൊല്ലത്ത് കുണ്ടറയില്‍ തുടക്കമായി. വേലുത്തമ്പി ദളവ നടത്തിയ കുണ്ടറ വിളംബരത്തിന്റെ ചരിത്രസ്മരണകളുറങ്ങുന്ന മണ്ണില്‍ അമൃതമഹോല്‍സവത്തിന് തിരികൊളുത്തിയത് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വേലുത്തമ്പി ദളവയെപ്പോലെ അറിയപ്പെടുന്നതും അല്ലാത്തുമായ ധീരദേശാഭിമാനികളുടെ ത്യാഗോജ്ജ്വല സ്മരണകള്‍ക്ക് ഇന്നും പ്രാധാന്യമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. പയ്യന്നൂരിന്റെ സമര ചരിത്രവും കേരളവര്‍മ പഴശ്ശിരാജയുടെ ചെറുത്തുനില്‍പ്പുമെല്ലാം സ്വാതന്ത്ര്യ സമരസചരിത്രത്തിലെ തിളങ്ങുന്ന ഏടുകളാണ്. ഇതൊക്കെ പുതുതലമുറ തിരിച്ചറിയുന്നയിടത്താണ് സ്വാതന്ത്ര്യം സാര്‍ഥകമാകുക. നൂറു കണക്കിന് ദേശസ്നേഹികളുടെ സഹന-സമരങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം എങ്ങനെയാണ് വിനിയോഗിക്കുന്നതെന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ടെന്നും സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് അദ്ദേഹം ഓര്‍മിപ്പിച്ചു.

ബ്രിട്ടീഷ് അധിനിവേശത്തെ ചെറുത്തു നിന്ന വേലുത്തമ്പി ദളവയുടെ ധീരത എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് ഗുരുദേവ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അധ്യക്ഷനായ ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് പറഞ്ഞു. നൂറ്റാണ്ടുകള്‍ കടന്ന് പോയാലും കുണ്ടറ വിളംബരത്തിന്റെ പ്രാധാന്യത്തിന് കോട്ടം തട്ടില്ലെന്ന് ആശംസ അര്‍പ്പിച്ച ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ പറഞ്ഞു. വേലുത്തമ്പി ദളവയില്‍ നിന്ന് ആയിരക്കണക്കിന് സ്വാതന്ത്ര്യസമര പോരാളികള്‍ പ്രചോദിതരായിട്ടുണ്ടെന്ന് ഗാന്ധിസ്മാരക നിധി ചെയര്‍മാന്‍ ഡോ. എന്‍. രാധാകൃഷ്ണന്‍ ഓര്‍മ്മിപ്പിച്ചു. സാംസ്‌കാരിക കാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണിജോര്‍ജ്ജ്, ഡയറക്ടര്‍ ടി. ആര്‍. സദാശിവന്‍ നായര്‍, സംസ്ഥാന ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ് എന്നിവരും സംസാരിച്ചു. ആഘോഷത്തിന്റെ ഭാഗമായി കലാപരിപാടികളും അരങ്ങേറി.