സ്വീപ്പിന്റ വോട്ട് വണ്ടി നിരത്തിലേക്ക്

post

കൊല്ലം: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വാഹനത്തിനകത്ത് സജ്ജമാക്കി എല്ലാവരും വോട്ട് ചെയ്യണമെന്ന സന്ദേശവുമായി സ്വീപ്പിന്റെ വോട്ടുവണ്ടി ജില്ലയില്‍ പ്രയാണമാരംഭിച്ചു. കലക്ട്രേറ്റില്‍ നിന്നാരംഭിച്ച ആദ്യയാത്ര ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ഫ്ലാഗ് ഓഫ് ചെയ്തു.

എന്റെ വോട്ട്, എന്റെ അവകാശം, ഞങ്ങളും വോട്ട് ചെയ്യും എന്നിങ്ങനെയുള്ള സന്ദേശവാക്യങ്ങളോടെയാണ് വാഹനം ജില്ല മുഴവന്‍ സഞ്ചരിക്കുക. ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വി. വി. പാറ്റ് എന്നിങ്ങനെ വോട്ടെടുപ്പിന് പോളിംഗ് സ്റ്റേഷനില്‍ ക്രമീകരിച്ചിരിക്കുന്നതുപോലെ വാഹനത്തിലും സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് കോവിഡ് മാനദണ്ഡം പാലിച്ചു വാഹനത്തില്‍ കയറി വോട്ടിംഗ് രീതി പരിചയപ്പെടാനും ചെയ്തു നോക്കാനും   സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിങ്  മെഷീനുകളുടെ പ്രവര്‍ത്തന വിവരങ്ങള്‍ വിശദമായി മനസ്സിലാക്കാനുള്ള രീതിയിലാണ് വാഹനത്തിലെ ക്രമീകരണം. സ്ഥാനാര്‍ഥികളുടെ പേരും  ചിഹ്നങ്ങളും  ഒഴിവാക്കി അക്ഷരമാലയായാണ്  മെഷീനുകളില്‍ രേഖപെടുത്തിയിട്ടുള്ളത്. തുടര്‍ ദിവസങ്ങളില്‍ കലാകാര•ാരെയും സാമൂഹ്യ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി വോട്ടു വണ്ടിയുടെ പ്രയാണം നാട്ടിലാകെ നിറയും.