ഡിടിപിസി ഉത്സവത്തിന് കടമ്മനിട്ട പടയണി ഗ്രാമത്തില്‍ തുടക്കമായി

post

പത്തനംതിട്ട :സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്നൊരുക്കുന്ന ഉത്സവം കേരളീയ കലകളുടെ മഹോത്സവം പരിപാടിക്ക് കടമ്മനിട്ട പടയണി ഗ്രാമത്തില്‍ തുടക്കമായി.  നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പടയണി ഗ്രാമം ജനറല്‍ കണ്‍വീനര്‍ അഡ്വ.കെ. ഹരിദാസ് അധ്യക്ഷത വഹിച്ചു.

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.പി. ഏബ്രഹാം, നാരങ്ങാനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രകാശ് കുമാര്‍ തടത്തില്‍, ഗ്രാമപഞ്ചായത്ത് അംഗം മനോജ് മുളന്തറ, പടയണി ഗ്രാമം രക്ഷാധികാരി വി.കെ. പുരുഷോത്തമന്‍ പിള്ള,  ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടി. പവിത്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

തുടര്‍ന്ന് തിരുവനന്തപുരം ഷൈലാ വിജയന്‍ കാക്കരിശി നാടകവും കോട്ടയം വി സ്റ്റാര്‍സ് മാര്‍ഗം കളി ടീം മാര്‍ഗംകളിയും അവതരിപ്പിച്ചു.

ഇന്ന്(21) കോഴിക്കോട് നാരായണ പെരുവണ്ണാര്‍ സംഘം തെയ്യവും പത്തനംതിട്ട ഫോക് ലൈഫ് അക്കാഡമി മുള സംഗീതവും അവതരിപ്പിക്കും. ഫെബ്രുവരി 26 വരെ എല്ലാ ദിവസവും വൈകിട്ട് ആറു മുതല്‍ സാംസ്‌കാരിക പൈതൃകത്തിന്റെ അടിസ്ഥാനവും വികാസവും അടയാളപ്പെടുത്തുന്ന നിരവധി തനതു കലാ രൂപങ്ങള്‍ കടമ്മിട്ട പടയണി ഗ്രാമത്തില്‍ അരങ്ങേറും. ഒരു ദിവസം രണ്ടു കലാരൂപങ്ങള്‍ വീതം അവതരിപ്പിക്കും.