കാടിന്റ മക്കളുടെ പൊരുളറിയാന്‍ വി.ഇ.ഒ.മാരുടെ ഗോത്രായനം

post

പത്തനംതിട്ട: മലമുകളിലെ കാടിന്റെ മക്കളുടെ സാമൂഹിക സാമ്പത്തികാവസ്ഥയും ജീവിതാനുഭവങ്ങളും നേരിട്ട് മനസിലാക്കുന്നതിനായി കൊട്ടാരക്കര കില ഇറ്റിസി നേതൃത്വത്തില്‍ റാന്നിയില്‍ ഗോത്രായനം തുടങ്ങി.   പുതുതായി സര്‍വീസിലെത്തിയ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടെ (വി.ഇ.ഒ)

ഇന്‍-സര്‍വീസ് പരിശീലനത്തിന്റെ ഭാഗമായുള്ള പട്ടിക ഗോത്രവര്‍ഗ സങ്കേത പഠന പരിശീലനമാണു  ഗോത്രായനം. ആദിവാസി ജനവിഭാഗങ്ങളുടെ ജീവിതം നേരിട്ടറിയാനുള്ള പഠന പരിശീലനമാണ്  ഗോത്രായനം. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച്  ചെറുസംഘമായാണ് റാന്നി ബ്ലോക്ക് പരിധിയിലെ ഗോത്രവര്‍ഗ സങ്കേതങ്ങളില്‍   സന്ദര്‍ശനം  നടത്തുന്നത്.

ഫീല്‍ഡ് തല ഉദ്യോഗസ്ഥരെന്ന നിലയില്‍  വി.ഇ.ഒ.മാര്‍ക്ക് പദ്ധതികളെക്കുറിച്ചുള്ള അറിവിനൊപ്പം ഫീല്‍ഡ് തലത്തിലുള്ള യാഥാര്‍ത്ഥ്യം നേരിട്ടു മനസിലാക്കാന്‍ ഗോത്രായനത്തിലൂടെ കഴിയുമെന്ന് കില ഇറ്റിസി പ്രിന്‍സിപ്പലായ ഡെപ്യൂട്ടി ഡവലപ്‌മെന്റ് കമ്മീഷണര്‍ ജി.കൃഷ്ണകുമാര്‍ പറഞ്ഞു. പദ്ധതി നിര്‍വഹണം  കാര്യക്ഷമമാക്കാന്‍ ഫീല്‍ഡ്തല അറിവുകള്‍ നല്‍കുന്ന ഇത്തരം പരിശീലന പരിപാടികള്‍ക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുത്ത സങ്കേതങ്ങളിലെ  പൊതു -അടിസ്ഥാന സൗകര്യങ്ങള്‍, തൊഴില്‍ ലഭ്യത, വരുമാനം, പൊതുജനാരോഗ്യ സംവിധാനങ്ങള്‍ തുടങ്ങി സാമൂഹിക, സാമ്പത്തിക-സാംസ്‌ക്കാരിക  സ്ഥിതിയും സംഘം നിരീക്ഷിക്കുന്നുണ്ട്. ആദിവാസി വിഭാഗങ്ങള്‍ക്കായുള്ള വിവിധ സര്‍ക്കാര്‍-തദ്ദേശ സ്ഥാപനതല  പദ്ധതികളെക്കുറിച്ചും വി.ഇ.ഒ.മാര്‍ വിവരശേഖരണം നടത്തുന്നുണ്ട്.

നാറാണംമൂഴി, പെരുനാട് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തുകളിലെ  തെരഞ്ഞെടുത്ത വാര്‍ഡുകളിലെ ആദിവാസി ഊരുകളാണ് സംഘം സന്ദര്‍ശിച്ചത്. അടിച്ചിപ്പുഴ, ചോളനാവയല്‍, അട്ടത്തോട്, നിലയ്ക്കല്‍, ളാഹ, പ്ലാപ്പള്ളി  എന്നീ ഗോത്രസങ്കേതങ്ങളിലെ  വീടുകള്‍, പ്രദേശത്തെ അംഗനവാടികള്‍, ഗോത്രനിവാസികളുടെ പൊതു സൗകര്യങ്ങള്‍  എന്നിവയും സംഘം സന്ദര്‍ശിച്ചു. 

റാന്നി ബ്ലോക്ക്, ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുമാണ് സഹകരിച്ചാണ് ഗോത്രായനം. റാന്നി ബിഡിഒ ബി.ഉത്തമന്‍, ജോ.ബി.ഡി.ഒ. എ.ഫൈസല്‍, ജി.ഇ.ഒ. ബി.ലത്തീഫാ ബീഗം, വിഇഒമാരായ ഒ.ആര്‍.മാത്യു, കെ.പി.ഷാന്‍കുമാര്‍, പട്ടികവര്‍ഗ പ്രൊമോട്ടര്‍മാരായ ആശ, ബിജി, ശ്രീലത, ആശാ പ്രവര്‍ത്തക ശാന്തമ്മ എന്നിവരോടൊപ്പമാണ് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ ഗോത്രവര്‍ഗ സങ്കേതങ്ങള്‍ സന്ദര്‍ശിച്ചത്.