ജനങ്ങളുടെ സ്വപ്ന സാക്ഷാത്കരമാണ് ഇടുക്കി മെഡിക്കൽ കോളേജ് : മന്ത്രി എംഎം മണി

post

ഇടുക്കി:ഇടുക്കിയിലെ ജനങ്ങളുടെ സ്വപ്ന സാക്ഷാത്കരമാണ് ഇടുക്കി മെഡിക്കൽ കോളേജെന്ന് മന്ത്രി എംഎം മണി. വൈദ്യുതി വകുപ്പിൽ നിന്നും അനുവദിച്ച 10 കോടി രൂപയിൽ നിന്നും 3.5 കോടി രൂപ ചിലവിൽ ഉപകരണങ്ങൾ സജ്ജീകരിച്ച അത്യാധുനിക റേഡിയോളജി വിഭാഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കൽ കോളേജിന്റെ പ്രവർത്തനം പൂർണതയിലേക്ക് എത്തിയിരിക്കുകയാണ്. സാങ്കേതികമായി വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി വരുകയാണ്. വിദ്യാർത്ഥികൾക്ക് പഠിക്കാൻ വേണ്ട സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ലഭിച്ചാൽ മെഡിക്കൽ പഠനവും ഉടൻ ആരംഭിക്കുവാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

അടിസ്ഥാനപരമായി സ്ഥാപിക്കാൻ കഴിയുന്നതെല്ലാം ഈ കാലയളവിൽ സ്ഥാപിച്ചു എന്നത് സന്തോഷമുള്ള കാര്യമാണെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ചു റോഷി അഗസ്റ്റിൻ എംഎൽഎ പറഞ്ഞു. വരും തലമുറയ്ക്കുള്ള കരുതലാണ് ഇടുക്കി മെഡിക്കൽ കോളേജ്. സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ആശുപത്രിയുടെ വികസനത്തിന് വ്യക്തമായ പങ്കു വഹിച്ചിട്ടുണ്ട്. 

മെഡിക്കൽ കോളേജിന്റെ വികസനത്തിന് വൈദ്യുതി വകുപ്പിൽ നിന്നും തുക അനുവദിച്ചതിനും തുടർന്ന് മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളും അഭിനന്ദനാർഹമാണെന്നും  എംഎൽഎ പറഞ്ഞു.  യോഗത്തിൽ എൻഎച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ സുജിത്ത് സുകുമാരൻ റിപ്പോർട്ട് അവതരിപ്പിച്ചു.

വൈദ്യുത വകുപ്പ് മന്ത്രി എംഎം മണിയുടെ ഇടപെടലിൽ വൈദ്യുതി വകുപ്പിൽ നിന്നും അനുവദിച്ച 10 കോടി രൂപയിൽ നിന്നും 3.5 കോടി രൂപ ചിലവിൽ ഉപകരണങ്ങൾ സജ്ജീകരിച്ച അത്യാധുനിക റേഡിയോളജി വിഭാഗം പ്രവർത്തനമാരംഭിച്ചു.  സിറ്റി സ്കാൻ, അൾട്രാ സൗണ്ട് സ്കാൻ , മാമോഗ്രാം, ഡിജിറ്റൽ റേഡിയോഗ്രാഫി തുടങ്ങിയ ഉപകരണങ്ങളാണ് റേഡിയോളജി വിഭാഗത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ മ്യൂസിയം, സെമിനാർ റൂം, റിസപ്ഷൻ, സ്റ്റോർ, പ്രിപ്പറേഷൻ റൂം, തുടങ്ങി ആധുനിക സൗകര്യങ്ങളോടെ കൂടിയ വിവിധ സൗകര്യങ്ങൾ റേഡിയോളജി വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിറ്റി സ്കാൻ- 1.72 കോടി , അൾട്രാ സൗണ്ട് സ്കാൻ- 20 ലക്ഷം , ഡിജിറ്റൽ റേഡിയോഗ്രാഫി - 1.70 കോടി, എക്സ്റേ ആൻഡ് സിഎസ് ആർ എ ആൻഡ് ബി-42 ലക്ഷം  എന്നിങ്ങനെ 3.5 കോടി രൂപ ചിലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചിരിക്കുന്നത്. 

പൂർണ സജ്ജമായ കഴിഞ്ഞിരുന്ന ഒപി വിഭാഗവും വൈറോളജി ലാബും നേരത്തെ തന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു.  ഇതോടൊപ്പം ഐസിയു, മോർച്ചറിയിലെ മോഡുലർ ഫ്രീസർ സംവിധാനം എന്നിവയും പ്രവർത്തന സജ്ജമായിട്ടുണ്ട്.  ആർടിപിസിആർ പരിശോധന ഉൾപ്പെടെ എല്ലാ വിധ കോവിഡ് പരിശോധനാ സംവിധാനവുമുള്ള വൈറോളജി ലാബ് പ്രവർത്തനം ആരംഭിച്ചതോടെ ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തിയേകി. ഇതോടൊപ്പം ആശുപത്രിയുടെ അത്യാഹിത വിഭാഗം വിഭാഗം പ്രവർത്തനം ആരംഭിക്കുന്നതോടെ മെഡിക്കൽ കോളേജ് പൂർണതോതിൽ സജ്ജമാകും.