മലയോര ജനതയ്ക്ക് സ്വപ്ന സാക്ഷാത്കാരം; ചാണോക്കുണ്ട് പാലം മന്ത്രി നാടിന് സമര്‍പ്പിച്ചു

post

കണ്ണൂര്‍: ചാണോക്കുണ്ടില്‍ പുതുതായി നിര്‍മ്മിച്ച പാലം പൊതുമാരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു  ഉദ്ഘാടനം. തളിപ്പറമ്പ്-കൂര്‍ഗ്ഗ് ബോര്‍ഡര്‍ റോഡിലെ ചാണോക്കുണ്ടില്‍ നേരത്തെ ഉണ്ടായിരുന്ന പാലത്തിന്റെ അപകട സാധ്യത മുന്‍നിര്‍ത്തിയാണ് പുതിയ പാലം നിര്‍മ്മിച്ചത്. ഇടുങ്ങിയതും അപകട സാധ്യതയുള്ളതുമായ പാലത്തിന് പകരം പുതിയ പാലം വേണമെന്ന പ്രദേശവാസികളുടെ നീണ്ടകാലത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമായത്. താല്‍ക്കാലികമായി അനുബന്ധ റോഡ് നിര്‍മ്മിച്ച് ഗതാഗതയോഗ്യമാക്കി നിലവിലുള്ള പാലത്തിന്റെ സ്ഥാനത്ത് റോഡിന്റെ അലൈന്‍മെന്റില്‍ തന്നെയാണ് പുതിയ പാലം നിര്‍മ്മിച്ചത്. 16.80 മീറ്റര്‍ നീളത്തില്‍ 1.50 മീറ്റര്‍ വീതിയിലുള്ള നടപ്പാതകള്‍ ഉള്‍പ്പെടെ 11.05 മീറ്റര്‍ വീതിയില്‍ അനുബന്ധ റോഡുകളുമായാണ് പ്രവൃത്തി. 174 ലക്ഷം രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച പ്രവൃത്തിയില്‍   ട്രിപ്പിള്‍ ആര്‍ സി സി   ബോക്സ് കല്‍വേര്‍ട്ടോടെയാണ് പാലത്തിന്റെ നിര്‍മ്മിതി.

കരുണാപുരം സെന്റ് ജൂഡ് പള്ളി പാരിഷ് ഹാളില്‍ നടന്ന പരിപാടിയില്‍ ജെയിംസ് മാത്യു എംഎല്‍എ അധ്യക്ഷനായി. പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സി രാജേഷ് ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിജ ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വെക്കത്താനം, ബ്ലോക്ക് പഞ്ചായത്ത് അംഗം ഉനൈസ് എരുവാട്ടി, ഉത്തരമേഖല പാലങ്ങള്‍ വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി കെ മിനി, കരുണാപുരം സെന്റ് ജൂഡ് പള്ളി വികാരി ഫാ. ജോസഫ് അനിത്താനം, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തിയാക്കിയ കരാറുകാരന്‍, അസി. എഞ്ചിനീയര്‍, ഓവര്‍സിയര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.