കാടിന്റെ ഈണങ്ങള്‍ക്ക് കാതോര്‍ക്കാന്‍ വന മ്യൂസിയം

post

കൊല്ലം: കാനനഭംഗി ആവോളം  ആസ്വദിക്കാന്‍ സംസ്ഥാനത്തെ ഏറ്റവും വലിയ വന മ്യൂസിയം കുളത്തൂപ്പുഴയില്‍ ഒരുങ്ങുന്നു.  മ്യൂസിയത്തിന്റെ ഒന്നാംഘട്ട പൂര്‍ത്തീകരണ ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി  കെ രാജു ഓണ്‍ലൈനായി നിര്‍വഹിച്ചു.

കുളത്തൂപ്പുഴ വന മ്യൂസിയം കേരളത്തിന്റെ അഭിമാന പദ്ധതികളില്‍ ഒന്നാണ്. കേരളത്തിനു അകത്തും പുറത്തുനിന്നുമുള്ള വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പ്രകൃതിയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് ഈ മ്യൂസിയം സഹായകരമാകും. പ്രകൃതിദത്ത ആവാസവ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ടുള്ള   മ്യൂസിയം എന്ന നിലയില്‍ പ്രകൃതിയും സംസ്‌കാരവും ജൈവവൈവിധ്യവും സംബന്ധിച്ച വിജ്ഞാനവിനിമയമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലയുടെ കിഴക്കന്‍ മേഖല ഇന്ത്യയുടെ ടൂറിസം ഭൂപടത്തില്‍ ഇടം നേടുകയാണ്. ശെന്തുരുണി, പാലരുവി, തെ•ല, കുളത്തൂപ്പുഴ തുടങ്ങി ആര്‍ പി എല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ളവ വിനോദസഞ്ചാരികളുടെ ശ്രദ്ധാ കേന്ദ്രങ്ങളാണ്. രണ്ടു ഘട്ടങ്ങളായി പൂര്‍ത്തീകരിക്കുന്ന വന മ്യൂസിയത്തിന്റെ ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ ഏറ്റവും വലിയ വന മ്യൂസിയമാണ് കുളത്തൂപ്പുഴയിലെ 3.3 ഏക്കര്‍ സ്ഥലത്ത് 9.85 കോടി രൂപ ചെലവില്‍  ഒരുങ്ങുന്നത്. രണ്ട്  ഘട്ടമായി പൂര്‍ത്തിയാക്കുന്ന മ്യൂസിയത്തിന്റെ ആദ്യഘട്ടത്തില്‍ സീസണല്‍ എക്‌സിബിഷന്‍ ഹാള്‍, ആറ് എക്‌സിബിഷന്‍ ഹാളുകള്‍, അമിനിറ്റി സെന്റര്‍, ഗസ്റ്റ് ഹൗസ്, ട്രൈബല്‍ ഹട്ട്, വനശ്രീ ഇക്കോ ഷോപ്പ്, ലഘു ഭക്ഷണശാല, കുളിക്കടവ്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഗേറ്റ് സെക്യൂരിറ്റി ക്യാബിന്‍ എന്നിവയുടെ നിര്‍മ്മാണമാണ് പൂര്‍ത്തീകരിച്ചത്. രണ്ടാം ഘട്ടത്തില്‍ പ്രദര്‍ശനവസ്തുക്കള്‍ സ്ഥാപിക്കലും ശബ്ദവും വെളിച്ചവും ഒരുക്കുന്ന പ്രവൃത്തികളും നടക്കും.

ചടങ്ങില്‍ സ്വയം സന്നദ്ധ പുനരരധിവാസ പദ്ധതിയുടെ   ഉദ്ഘാടനവും മന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു. ഉള്‍വനങ്ങളില്‍ നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറി താമസിക്കാന്‍ സ്വയം സന്നദ്ധരായവര്‍ക്കുള്ള  ഈ പദ്ധതിയിലൂടെ 15 ലക്ഷം രൂപ  ഒരു കുടുംബത്തിന് ലഭിക്കും. ഇവരില്‍ നിന്ന് ഏറ്റെടുക്കുന്ന റവന്യൂ ഭൂമി പിന്നീട്  വനഭൂമിയായി മാറ്റും.

കൊല്ലം  കുളത്തൂപ്പുഴ ചണ്ണമല കോളനിയിലെ പത്ത് കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തിന്റെ ആദ്യഗഡുവായ 7.5 ലക്ഷം രൂപ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍ വിതരണം ചെയ്തു.