മെഡിക്കല്‍ കോളജ് ആശുപത്രിക്കും ജനറല്‍ ആശുപത്രിക്കും പേവാര്‍ഡ് നിര്‍മാണത്തിന് മന്ത്രി തുടക്കമിട്ടു

post

മെഡിക്കല്‍ കോളേജില്‍ ആദ്യ ഘട്ടത്തില്‍ 75 മുറികള്‍ ഉള്ള പേവാര്‍ഡ്

ജനറല്‍ ആശുപത്രിയില്‍ 36 മുറികള്‍ ഉള്ള പേവാര്‍ഡ്

ആലപ്പുഴ: ടി.ഡി. മെഡിക്കല്‍ കോളജിലും ആലപ്പുഴ ജനറല്‍ ആശുപത്രിയിലും നിര്‍മിക്കുന്ന പേവാര്‍ഡുകളുടെ നിര്‍മാണ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ശനിയാഴ്ച നിര്‍വഹിച്ചു. മെഡിക്കല്‍ കോളജിലും ജനറല്‍ ഹോസ്പിറ്റലിലും നിലവില്‍ പേവാര്‍ഡ് ഇല്ലാത്തതുമൂലം രോഗികള്‍ ഏറെ കഷ്ടപ്പെടുകയായിരുന്നു. മെഡിക്കല്‍ കോളജിന്റെ നിര്‍മാണ ഘട്ടത്തില്‍ ഉണ്ടായ ചില പിഴവുകളിലൊന്നാണ് പേവാര്‍ഡിന്റെ അഭാവമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ ആലപ്പുഴ ഗവ. റ്റി.ഡി. മെഡിക്കല്‍ കോളേജ് ആശുപ്രതിയിലെ പേവാര്‍ഡ് ബ്ലോക്കുകളുടെ ഒന്നാം ഘട്ട നിര്‍മ്മാണത്തിന്റെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. ടി.ഡി.മെഡിക്കല്‍ കോളജില്‍ അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ഓഡിറ്റോറിയം, പി.ജി.ക്വാട്ടേഴ്‌സ്, എന്‍.ജി.ഓ ക്വാട്ടേഴ്‌സ്, ജില്ല ജയില്‍, രജിസ്‌ട്രേഷന്‍ കോംപ്ലക്‌സ്, സ്‌കൂള്‍ ഓഡിറ്റോറിയങ്ങള്‍ എന്നിവയെല്ലാം പുതിയകാലം പുതിയ നിര്‍മാണം എന്നതിന്റെ സാക്ഷ്യങ്ങളാണെന്ന് മന്ത്രി പറഞ്ഞു.

ഗവ. റ്റി.ഡി. മെഡിക്കല്‍ കോളേജ് ആശുപ്രതിയില്‍ നിലവില്‍ പേവാര്‍ഡ് സൗകര്യം ഉണ്ടായിരുന്നില്ല. . എല്ലാ രോഗികളും വളരെ പരിമിതികള്‍ ഉള്ള ജനറല്‍ വാര്‍ഡിലാണ് അഡ്മിറ്റ് ചെയ്യപ്പെടുന്നത്. പേവാര്‍ഡ് സൗകര്യം അനിവാര്യമായ സാഹചര്യത്തില്‍ മന്ത്രി ജി.സുധാകരന്‍ മുന്‍കൈയ്യെടുത്ത് സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി 486.76 ലക്ഷം രൂപ അനുവദിച്ചു. പുതിയ കാല നിര്‍മ്മാണമികവുമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപ്രതികള്‍ ആധുനീകവത്കരിക്കുന്ന സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് ഭരണസാങ്കേതി അനുമതികള്‍ നല്‍കി കെട്ടിടം നിര്‍മ്മിക്കുന്നത്. 5 നിലകള്‍ ഉള്ള കെട്ടിടമാണ് പേവാര്‍ഡ് സമുച്ചയത്തിനായി പൊതുമരാമത്ത് വകുപ്പ് രൂപകല്പന ചെയ്തിട്ടുള്ളത്. കെട്ടിടത്തിന്റെ ഓരോ 15 മുറികള്‍ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്. 5 നിലകളിലുമായി 75 മുറികളാണ് ലഭ്യമാകുന്നത്. നിലവില്‍ ആദ്യഘട്ടമായി രണ്ട് നിലകളാണ് ഇപ്പോള്‍ നിര്‍മ്മിക്കുക. മുകളിലേയ്ക്ക് 3 നിലകള്‍ കൂടി നിര്‍മ്മിക്കുവാന്‍ സാധിക്കുന്ന വിധത്തിലാണ് കെട്ടിടത്തിന്റെ അടിത്തറ രൂപകല്പന ചെയ്തിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാകേഷ്, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.ദീപ, ജില്ല പഞ്ചായത്ത് അംഗം കുമാരി പി.അഞ്ചു, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.പ്രദീപ്തി, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ വി.ധ്യാനസുതന്‍, വാര്‍ഡ് മെമ്പര്‍ സുനിത പ്രദീപ്, ആശുപത്രി സൂപ്രണ്ട് ഡോ.ആര്‍.വി.രാംലാല്‍, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ വി.ഐ.നസീം, ചീഫ് എന്‍ജിനിയര്‍ ഹൈജിന്‍ ആല്‍ബര്‍ട്ട് എന്നിവര്‍ പ്രസംഗിച്ചു.

ആലപ്പുഴ നഗരത്തിലെ സാധാരണക്കാരായ ജനങ്ങള്‍ ആശ്രയിക്കുന്ന ജനറല്‍ ആശുപത്രിയില്‍ നിലവിലുണ്ടായിരുന്ന പോവാര്‍ഡ് വര്‍ഷങ്ങളായി ഉപയോഹശുന്യമായിരുന്നു. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരത്തിനായി അമ്പലപ്പുഴ എം.എല്‍.എ എന്ന നിലയില്‍ പ്രത്യേക താല്‍പര്യം എടുത്ത് 3.5 കോടി രൂപയ്ക്ക് പുതിയ പേ വാര്‍ഡ് നിര്‍മ്മാണത്തിന് ഭരണാനുമതി ലഭ്യമാക്കുകയായിരുന്നു. കെട്ടിട നിര്‍മ്മാണത്തിനുവേണ്ട മണ്ണ് പരിശോധന, സര്‍വ്വേ തുടങ്ങിയ പ്രവൃത്തികള്‍ക്കുള്ള നടപടികള്‍ ഇതിനകം ആരംഭിച്ച് കഴിഞ്ഞു. പുതിയ കെട്ടിടത്തില്‍ രണ്ട് നിലകളിലായി 1174 ച.മീ. വിസ്തീര്‍ണ്ണത്തില്‍ അറ്റാച്ച്ഡ് ടോയ് ലറ്റ് സംവിധാനത്തോട് കൂടിയ 36 മുറികളും നേഴ്‌സിംഗ് സ്റ്റേഷനുമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഭാവിയില്‍ ഒരു നിലകൂടി നിര്‍മ്മിക്കാവുന്ന രീതിയിലാണ് ഈ കെട്ടിടത്തിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൗമ്യരാജ് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.എസ്.എം.ഹുസൈന്‍, ബീനാരമേഷ്, സൂപ്രണ്ട് ഡോ.ജമുനാവര്‍ഗ്ഗീസ്, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ വി.ഐ.നസീം, ചീഫ് എന്‍ജിനിയര്‍ ഹൈജിന്‍ ആല്‍ബര്‍ട്ട് എന്നിവര്‍ പ്രസംഗിച്ചു.