രാജ്യാന്തര നിലവാരത്തിലേക്ക് പുനലൂര്‍ താലൂക്ക് ആശുപത്രി

post

പത്ത് നില  മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ 

കൊല്ലം: അത്യാധുനിക സൗകര്യങ്ങളോടെ പുനലൂര്‍ താലൂക്ക് ആശുപത്രി രാജ്യന്തര നിലവാരത്തിലേക്ക്. സാധാരണക്കാര്‍ക്ക്  ആധുനിക ചികിത്സാ സൗകര്യമൊരുക്കുന്ന പുതിയ ഹൈടെക് ബഹുനില മന്ദിരത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചു. നാളെ(ഫെബ്രുവരി 10) വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി കെട്ടിടം നാടിനു സമര്‍പ്പിക്കും.

സ്ഥലം എം എല്‍ എയും വനം-വന്യജീവി വകുപ്പ് മന്ത്രി കൂടിയായ  കെ രാജുവിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചു പുതിയ കെട്ടിടത്തില്‍ ഐസൊലേഷന്‍ വാര്‍ഡും സജ്ജീകരിച്ചിട്ടുണ്ട്. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിയുന്നതോടെ മലയോര മേഖലയിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ കരുതല്‍ നല്‍കാനാകും.  കേരളത്തിലെ മറ്റ് സര്‍ക്കാര്‍ താലൂക്ക് ആശുപത്രികള്‍ക്ക് മാതൃകയാക്കാവുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നടത്തിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

68.19 കോടി രൂപ കിഫ്ബി ധനസഹായത്തോടെയാണ് 200000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കെട്ടിടം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഇതുകൂടാതെ കെട്ടിടത്തിനുള്ളിലെ പശ്ചാത്തല വികസനത്തിനും ഉപകരണങ്ങള്‍ വാങ്ങുന്നതിനുമായി കിഫ്ബിയില്‍ നിന്ന് അധികമായി 2.07 കോടി രൂപയും  അനുവദിച്ചിട്ടുണ്ട്.

333 കിടക്കകളുള്ള കെട്ടിടത്തില്‍ ഫിസിയോളജി, ഓങ്കോളജി, മൈക്രോബയോളജി തുടങ്ങിയ വിവിധ ചികിത്സാ വിഭാഗങ്ങളും ഏഴ് ഓപ്പറേഷന്‍ തീയറ്ററുകളുമുണ്ട്. കൂടാതെ പോസ്റ്റുമോര്‍ട്ടം റൂമും,  എക്സ് റേ, എം ആര്‍ ഐ, സി ടി സ്‌കാന്‍, ദന്തല്‍ എക്സ്-റേ, ബ്ലഡ് ബാങ്ക്,  ലാബ്, പാലിയേറ്റീവ് യൂണിറ്റ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. 94 ഐ സി യു ബെഡുകളും ആറ് ലിഫ്റ്റുകളുമുണ്ട്. ഇങ്കെല്‍ ലിമിറ്റഡിനാണ് നിര്‍മ്മാണ ചുമതല.

ശുചീകരണ സംവിധാനം,  മാലിന്യസംസ്‌കരണ പ്ലാന്റ്, അഗ്നിരക്ഷാ സംവിധാനം, മൂന്ന് ജനറേറ്ററുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.