മുണ്ടേരിയെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുക ലക്ഷ്യം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

post

കണ്ണൂര്‍: കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ വിനോദ സഞ്ചാര കേന്ദ്രമാക്കി മുണ്ടേരിയെ മാറ്റുകയാണ് ലക്ഷ്യമെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. മുണ്ടേരിക്കടവ് ഇക്കോ ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയ്ക്ക് ലഭിച്ച സൗഭാഗ്യമാണ് ഈ പ്രദേശം. പ്രദേശത്തിന്റെ സൗന്ദര്യം സംരക്ഷിച്ച് പ്രദേശവാസികളുടെ സഹകരണം ഉറപ്പാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.

പക്ഷികളുടെ ആവാസവ്യവസ്ഥ നിലനിര്‍ത്തികൊണ്ട് സഞ്ചാരികള്‍ക്ക് പക്ഷി നിരീക്ഷണത്തിനും തദ്ദേശവാസികള്‍ക്ക് ജീവനോപാധികളോടൊപ്പം അധികവരുമാനം ലഭിക്കുന്നതിനും വേണ്ടി 73.5 ലക്ഷം രൂപ ചെലവിലാണ് മുണ്ടേരി ഇക്കോ ടൂറിസം പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പക്ഷി നിരീക്ഷണ കേന്ദ്രം സന്ദര്‍ശിക്കുന്നതിലേക്കായി വിവിധ ടൂര്‍ പാക്കേജുകള്‍ക്ക് രൂപകല്‍പന ചെയ്യുകയും ഗൈഡ് ടൂര്‍ പാക്കേജുകളിലെത്തുന്ന സഞ്ചാരികള്‍ക്ക് അറിവും വിവരവും പകരുന്ന കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനുമായാണ്  പദ്ധതി ആവിഷ്‌കരിച്ചത്. കൂടാതെ കരകൗശല വസ്തുക്കള്‍, ആഹാരപദാര്‍ഥങ്ങള്‍ എന്നിവയുടെ വില്പനശാലകള്‍ സജ്ജീകരിക്കുന്നതിനും  അവയ്ക്കുള്ള  പരിശീലനം നല്‍കുന്നതിനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

സംസ്ഥാനത്ത് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇതാദ്യമായാണ് പ്രകൃതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കി സ്വകാര്യ സംരംഭകരുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടു കൂടി ഒരു ജനകീയ വിനോദസഞ്ചാര പദ്ധതി ആരംഭിക്കുന്നത്.

60 ഓളം തരത്തിലുള്ള ദേശാടനപ്പക്ഷികളും 210 ല്‍ പരം മറ്റു പക്ഷികളെയും പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര സംഘനയായ ബേര്‍ഡ് ലൈഫ് ഇന്റര്‍നാഷണല്‍ അവകാശപ്പെടുന്ന വലിയ പുള്ളി പരുന്ത്, തങ്കത്താറാവ് എന്നിവ പ്രദേശത്ത് ധരാളമായി കാണപ്പെടുന്നുണ്ട്. കണ്ടല്‍കാടുകളാലും വിവിധയിനം മത്സ്യങ്ങളാലും ഔഷധസസ്യങ്ങളാലും സമ്പന്നമായ പ്രദേശം കാട്ടാമ്പള്ളി തണ്ണീര്‍ത്തടത്തിന്റെ ഭാഗമാണ്. വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള തെന്മല ഇക്കോടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയുടെ (ടിഇപിഎസ്) റിസര്‍ച്ച് ആന്‍ഡ് കസള്‍ട്ടന്‍സി വിഭാഗമായ ഹരിതത്തിനാണ് പദ്ധതിയുടെ ചുമതല. ടൂര്‍ പാക്കേജുകളില്‍ തദ്ദേശവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരെ ഉള്‍പ്പെടുത്തും. ഇത്തരം പാക്കേജുകള്‍ വിനോദസഞ്ചാരികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഒരു പോലെ പ്രയോജനപ്പെടുന്നതാണ്.