ഭിന്നശേഷി മേഖലയിലെ മികവിന്റെ കേന്ദ്രമായി മാറാന്‍ എന്‍ ഐ പി എം ആര്‍

post

പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വഹിക്കും

തൃശൂര്‍: ഭിന്നശേഷി സേവന രംഗത്ത് സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ ഇരിഞ്ഞാലക്കുട കല്ലേറ്റുംകരയില്‍ പ്രവര്‍ത്തിച്ചു വരുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ഈ മേഖലയിലെ മികവിന്റെ കേന്ദ്രമായി മാറുന്നതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി ആറിന് രാവിലെ പത്ത് മണിക്ക്  ഓണ്‍ലൈനായി നിര്‍വഹിക്കും.ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. അക്വാട്ടിക് റിഹാബിലിറ്റേഷന്‍ സെന്റര്‍, സെന്റര്‍ ഫോര്‍ മൊബിലിറ്റി ആന്‍ഡ് അസിസ്റ്റീവ് ടെക്‌നോളജി എന്നിവയുടെ ഉദ്ഘാടനവും ഷൈലജ ടീച്ചര്‍ നിര്‍വഹിക്കും. സ്‌പൈനല്‍ കോഡ് ഇന്‍ജുറി റിഹാബിലിറ്റേഷന്‍ യൂണിറ്റിന്റെ ഉദ്ഘാടനം ധനകാര്യവകുപ്പ് വകുപ്പ് മന്ത്രി തോമസ് ഐസക്ക് നിര്‍വഹിക്കും.

ഭിന്നശേഷിക്കാര്‍ക്കായി മികച്ച സൗകര്യങ്ങള്‍

ഭിന്നശേഷി രംഗത്തെ മികച്ച സേവന കേന്ദ്രമായി എന്‍ ഐ പി എം ആര്‍ മാറിക്കഴിഞ്ഞു.അക്കാദമിക് രംഗത്തേയ്ക്കുള്ള പുതിയ ചുവടുവയ്പ്പ് ഈ സെന്ററിനെ വ്യത്യസ്തമാക്കുന്നു. കേരളത്തില്‍ ആദ്യമായി ഒക്യുപ്പേഷണല്‍ തെറാപ്പി ഡിഗ്രി പ്രോഗ്രാം എന്‍ ഐ പി എം ആറില്‍ ആരംഭിച്ചു. ആരോഗ്യ സര്‍വ്വകലാശലയുടെ അംഗീകാരത്തോടെയുള്ള നാലര വര്‍ഷത്തെ ഡിഗ്രികോഴ്സാണ് നടക്കുന്നത്. ഭിന്നശേഷി രംഗത്തു പ്രൊഫണല്‍സിനെ വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി മൂന്ന് കോഴ്സുകള്‍ ആരംഭിച്ചു. സെറിബ്രല്‍ പാള്‍സി, ഓട്ടിസം എന്നിവയില്‍ ഡിപ്ലോമ കോഴ്സ് ആരംഭിച്ചു.റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള രണ്ട് വര്‍ഷത്തെ ഡിപ്ലോമ കോഴ്സാണ് തുടങ്ങിയിട്ടുള്ളത്.

അക്വാട്ടിക് റീഹാബിലിറ്റേഷന്‍ സെന്ററും സ്പൈനല്‍ കോഡ് ഇന്‍ജുറി റീഹാബിലിറ്റേഷന്‍ യൂണിറ്റും 

പേശി സംബന്ധം അസ്ഥി സംബന്ധവുമായ പ്രശ്‌നങ്ങള്‍ ഉള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഹൈഡ്രോ തെറാപ്പി അഥവാ അക്വാട്ടിക് തെറാപ്പി. ഇതിനായി ആധുനിക സംവിധാനങ്ങളോടുകൂടിയ നീന്തല്‍കുളവും അനുബന്ധ ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പരിശീലനം സിദ്ധിച്ച വിദഗ്ദ്ധരാണ് ചികിത്സാക്രമങ്ങള്‍ക്ക് നേത്യത്വം നല്‍കും. അപകടംമൂലമോ അല്ലാതെയോ നട്ടെല്ലിനു ക്ഷതം സംഭവിച്ചവര്‍ക്കായി എന്‍ ഐ പി എം ആറില്‍ ആരംഭിച്ചിട്ടുള്ള സെന്ററാണ് സ്‌പൈനല്‍ കോര്‍ഡ് ഇന്‍ജുറി റീഹാബിലിറ്റേഷന്‍ യൂണിറ്റ്.

എട്ട് കിടക്കകളും ആധുനിക സജജീകരണങ്ങളുമുള്ള ചികിത്സാ കേന്ദ്രമാണ് ഇവിടെ ഒരുങ്ങുന്നത്.

 ഫിസിയാട്രിസ്റ്റിന്റെ നേതൃത്വത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ്, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്, സൈക്കോ തെറാപ്പിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍ എന്നിവരടങ്ങുന്ന റീഹാബിലിറ്റേഷന്‍ സംഘം സെന്ററിലെ ചികിത്സക്ക് നേതൃത്വം നല്‍കും.

ആര്‍ട്ട് എബിലിറ്റി സെന്ററും വൊക്കേഷണല്‍ യൂണിറ്റും 

ഭിന്നശേഷിക്കാരായ കുട്ടികളുടേയും മുതിര്‍ന്നവരു ടേയും സര്‍ഗ്ഗാത്മകമായ കഴിവുകള്‍ പ്രോത്സാഹിപ്പി ക്കുന്നതിനായി ആരംഭിച്ചിട്ടുള്ള കേന്ദ്രമാണ് ആര്‍ട്ട് എബിലിറ്റി സെന്റര്‍. ചിത്രരചന, പെയിന്റിംഗ്, കാര്‍ട്ടൂണ്‍, ക്ലേ മോഡലിംഗ്, പോട്ടറി  തുടങ്ങിയ  കലകളില്‍ പ്രാവീണ്യം നല്‍കുന്നതിനായി വിവിധ മേഖലകളിലെ വിദഗ്ദ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ആര്‍ട് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കും.

പതിനെട്ട് വയസ്സിനുമുകളില്‍  പ്രായമുള്ള ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വേണ്ടി  തൊഴില്‍  പരിശീലനം  നല്‍കി സമൂഹത്തിന്റെ  മുഖ്യധാരയിലേക്ക്  കൊണ്ടുവരിക  എന്ന ലക്ഷ്യത്തിനായി വോക്കേഷണല്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നു. കുട്ടികളുടെ  കഴിവിനും  അഭിരുചിക്കും  അനുസരിച്  അനുയോജ്യമായ തൊഴില്‍ മേഖലകള്‍  തെരഞ്ഞെടുത്ത് വേണ്ട പരിശീലനം നല്‍കും.  ബ്ലോക്ക് പ്രിന്റിംഗ്, തയ്യല്‍, പോര്‍ട്ടറി മേക്കിങ്, പാക്കിങ് ആന്‍ഡ് സീലിംഗ്, പേപ്പര്‍ പെന്‍, പേപ്പര്‍ ബാഗ് നിര്‍മ്മാണം തുടങ്ങിയ  മേഖലകളില്‍ പ്രാരംഭ ഘട്ടത്തില്‍  പരിശീലനം നല്‍കും.