കൊല്ലം സഹകരണ സ്പിന്നിങ് മില്‍; വികസന രംഗത്തെ വലിയ ചുവടുവെയ്പ്പ്
 
                                                കൊല്ലം: വികസന രംഗത്ത് വലിയൊരു ചുവടുവെയ്പ്പാണ് കൊല്ലം  സഹകരണ സ്പിന്നിങ് മില്ലില്‍ ഇന്ന് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്പിന്നിങ് മില്ലുകളുടെ ശക്തമായ തിരിച്ചു വരവിന് കേരളം സാക്ഷ്യം വഹിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ചാത്തന്നൂരില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്പിന്നിങ് മില്‍ ആദ്യഘട്ട നവീകരണ പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സ്പിന്നിങ് മില്ലുകളില്‍ പ്രമുഖമായ സ്ഥാനമാണ് കൊല്ലം സഹകരണ സ്പിന്നിങ് മില്‍ നേടിയിട്ടുള്ളത്. പുതിയ കാലത്തിനു അനുസരിച്ചു മില്ലുകളെ മാറ്റുക എന്നതിന്റെ ഭാഗമായി വിപുലമായ നവീകരണമാണ് കൊല്ലം സ്പിന്നിങ് മില്ലില്‍ നടന്നിരിക്കുന്നത്. പ്രതിസന്ധികള്‍ക്കിടയിലും ഉണര്‍വ് നേടാന്‍ സ്പിന്നിങ് മില്ലുകള്‍ക്ക് കഴിഞ്ഞു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഇതിന് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
അഴിമതി, കെടുകാര്യസ്ഥത എന്നിവ അവസാനിപ്പിക്കാന്‍ വിപുലമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞു. മില്ലുകള്‍ക്ക് ആവശ്യമായ കോട്ടന്‍ ലഭ്യമാക്കാന്‍ സെന്‍ട്രലൈസ്ഡ് കോട്ടന്‍ കമ്മിറ്റി പുനരുജ്ജീവിപ്പിക്കാനായി. മില്ലുകള്‍ക്ക് കോട്ടന്‍ വാങ്ങാന്‍ കോട്ടന്‍ ബോര്‍ഡ് രൂപീകരിക്കാനുള്ള നടപടികള്‍ പുരോഗമിച്ചു വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
മെച്ചപ്പെട്ട ഉത്പാദനക്ഷമതയിലൂടെ മില്ലുകളുടെ നഷ്ടം കുറച്ചു കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് 230 കോടി രൂപയാണ് സ്പിന്നിങ് മില്ലുകള്‍ക്ക് സര്‍ക്കാര്‍ സഹായമായി നല്‍കിയത്. സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിയിലേക്കായി 20 ലക്ഷം കിലോ നൂല്‍ ഉത്പ്പാദിപ്പിക്കാന്‍ കഴിഞ്ഞു. വിദേശത്തേക്ക് നൂല്‍ കയറ്റുമതി ആരംഭിച്ചതാണ് മില്ലുകള്‍ നേടിയ പ്രധാന നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യവസായ മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷനായി. ആധുനിക വ്യവസായങ്ങളെ ഉയര്‍ത്തിക്കൊണ്ട് വരുന്നതിനൊപ്പം പരമ്പരാഗത വ്യവസായ മേഖലയ്ക്ക് ഊന്നല്‍ നല്‍കി കൊണ്ടാണ് സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കുന്നത്. സര്‍ക്കാര്‍ നടപ്പിലാക്കിയ വ്യവസായ നയം വിജയത്തിലെത്തി എന്നതിന്റെ ഉദാഹരണമാണ് സ്പിന്നിങ് മില്‍ മേഖലയുടെ തിരിച്ചുവരവെന്നും മന്ത്രി പറഞ്ഞു. കൊല്ലം സ്പിന്നിങ് മില്‍ തുണി ഉത്പാദനത്തിലേയ്ക്ക് കൂടി കടന്നാല്‍ കൂടുതല്‍ തൊഴിലാളികള്‍ക്ക് ജോലി നല്‍കാന്‍ കഴിയും ഇതിനു വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സാമൂഹിക സാമ്പത്തിക മേഖലയില്‍ നിര്‍ണായക പങ്ക് വഹിച്ച കൊല്ലം സ്പിന്നിങ് മില്‍ നവീകരണം പൂര്‍ത്തിയാകുന്നതോടെ പഴയ പ്രതാപത്തിലേയ്ക്ക് തിരിച്ചു വരാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 17 സ്പിന്നിങ് മില്ലുകളിലും സോളാര്‍ പാനല്‍ സ്ഥാപിച്ച് സോളാറിലൂടെയുള്ള വൈദ്യുതി കാര്യക്ഷമമായി ഉപയോഗിച്ച് ഉത്പാദനം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ശിലാഫലകം അനാച്ഛാദനവും സ്വിച്ച് ഓണ്‍ കര്‍മ്മവും ജി എസ് ജയലാല്‍ എം എല്‍ എ നിര്‍വഹിച്ചു. ആദ്യഘട്ട നവീകരണ പദ്ധതിക്ക് 18.74 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്. അത്യാധുനിക യന്ത്രങ്ങള്‍ സ്ഥാപിച്ചുകൊണ്ട് 7296 സ്പിന്‍ഡില്‍സ് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പണികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു.










