ആദി ദേവിന് ഇനി സ്വന്തമായി നടക്കാം; എഎഫ്ഒ നല്‍കാന്‍ അദാലത്തില്‍ നിര്‍ദ്ദേശം

post

കണ്ണൂര്‍ : ഇനി പരസഹായമില്ലാതെ നടക്കാനാവുമെന്നതിന്റെ ആഹ്ലാദത്തിലാണ് ആറ് വയസ്സുകാരന്‍ ആദി ദേവ്. ജന്മനാ കാലിന് ശേഷിക്കുറവുള്ള ആദി ദേവിന് നടക്കാനുള്ള ഉപകരണം നല്‍കാന്‍ ഇരിട്ടിയില്‍ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തില്‍ തീരുമാനമായതോടെയാണ് ആദി ദേവിന്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞത്. ഇങ്ങനെ ഒരു അദാലത്തിന് നിര്‍ദ്ദേശം നല്‍കിയ മുഖ്യമന്ത്രിക്കും അദാലത്തിന് നേതൃത്വം നല്‍കിയ മന്ത്രിമാര്‍ക്കും മനസ്സറിഞ്ഞു നന്ദി പറയുകയാണ് ഈ കുരുന്ന്.

പെരിങ്കരി സ്വദേശികളായ എന്‍ സുബിന-അനീഷ് ദമ്പതികളുടെ മകനാണ് ആദിദേവ്. ആദി ദേവിന്റെ പരാതി കേട്ട ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി ഉപകരണം അനുവദിക്കാന്‍ ഉത്തരവ് നല്‍കുകയായിരുന്നു. പരസഹായം കൂടാതെ നടക്കാന്‍ സഹായകരമാകുന്ന എഎഫ്ഒ (ആങ്ക്ള്‍ ഫൂട്ട് ഓര്‍ത്തോസിസ്) എന്ന ഉപകരണമാണ് ആദിദേവിന് ലഭിക്കുക.

സെറിബ്രല്‍ പാള്‍സി വിഭാഗത്തില്‍പ്പെട്ട രോഗത്തിന് കഴിഞ്ഞ അഞ്ച് വര്‍ഷമായി ചികിത്സയിലാണ് ആദിദേവ്. കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ഫിസിയോ തെറാപ്പിയും മറ്റ് ചികിത്സകളും ചെയ്തുവരികയായിരുന്നു. ഇതിന് പുറമെ കാഴ്ചാവൈകല്യവും സംസാരവൈകല്യവും ഈ കുഞ്ഞിനുണ്ട്. പല്ലുകള്‍ പൊടിഞ്ഞ് കേടുവരുന്ന രോഗത്തിന് പരിയാരം ഗവ. ആശുപത്രിയില്‍ ചികിത്സയും ചെയ്ത് വരുന്നു.

കൂലിപ്പണിക്കാരനായ അനീഷിന്റെ തുച്ഛമായ വരുമാനത്തെ മാത്രം ആശ്രയിച്ചാണ് കുടുംബം കഴിയുന്നത്. സ്വന്തമായി ഒരു തുണ്ട് ഭൂമിപോലും ഇവര്‍ക്കില്ല. കുഞ്ഞിന്റെ ചികിത്സയ്ക്കായി ഏഴ് ലക്ഷം രൂപ ഇതുവരെ ചെലവായിട്ടുണ്ട്. തുടര്‍ ചികിത്സയ്ക്ക് മറ്റ് വഴികളില്ലാതെ നില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു സഹായം തേടി അദാലത്തിലെത്തിയത്. തുടര്‍ ചികിത്സക്ക് ആവശ്യമായ സഹായവും സാമൂഹ്യ സുരക്ഷ മിഷന്‍ വഴി നല്‍കാന്‍ മന്ത്രി നിര്‍ദേശിച്ചു. അപേക്ഷയിന്മേല്‍ അടിയന്തര നടപടിക്ക് നിര്‍ദേശം ലഭിച്ചതോടെ ഏറെ പ്രതീക്ഷയിലും സന്തോഷത്തിലുമാണ് കുടുംബം.