പാല്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ എല്ലാ സഹായങ്ങളും നല്‍കും

post

കൊല്ലം : സംസ്ഥാനത്ത് പാല്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ക്ഷീരകര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. 85 ശതമാനത്തോളം പാല്‍ ഉത്പാദിപ്പിക്കാന്‍ ഇപ്പോള്‍ കഴിയുന്നുണ്ട്. അത് നൂറു ശതമാനം എത്തിക്കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. ആനയടി അമരാദ്രി ഓഡിറ്റോറിയത്തില്‍ നടന്ന മില്‍മ ഗ്രാമോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
25 വര്‍ഷം സേവനം പൂര്‍ത്തീകരിച്ച ക്ഷീരസംഘം പ്രസിഡന്റുമാരെയും ജീവനക്കാരെയും സി. ദിവാകരന്‍ എം.എല്‍.എ ആദരിച്ചു. മില്‍മ മേഖല ചെയര്‍മാന്‍ കല്ലട രമേശ് അധ്യക്ഷനായി.  കോവൂര്‍  കുഞ്ഞുമോന്‍ എം.എല്‍.എ,  മില്‍മ  മേഖലാ ഡയറക്ടര്‍ വി. വേണുഗോപാല കുറുപ്പ്, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമണി,  കെ.എല്‍.ഡി ബോര്‍ഡ്  എം.ഡി.  ഡോ. ജോസ് ജെയിംസ്, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തംഗം എ. സുമ, ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയക്ടറര്‍  കെ.  അനിത, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഓമനക്കുട്ടന്‍, തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷീര സംഘം പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ക്ഷീരകര്‍ഷകര്‍, ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
രണ്ടു ദിവസങ്ങളിലായി നടന്ന മില്‍മ ഗ്രാമോത്സത്തില്‍ ക്ഷീര മേഖലയുമായി ബന്ധപ്പെട്ട ശില്‍പശാലകള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയവയും നടന്നു. മില്‍മ  ഉല്‍പ്പന്നങ്ങള്‍, കാലിത്തീറ്റകള്‍, പാല്‍ അളക്കുന്ന ഉപകരണങ്ങള്‍ എന്നിവയുടെ സ്റ്റാളുകളും ഇതോടനുബന്ധിച്ചു  പ്രവര്‍ത്തിച്ചു.