അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകള്‍ : വികസനക്കുതിപ്പിന്റെ നാഴികക്കല്ല്

post

അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി കെ .ടി ജലീല്‍ നിര്‍വഹിച്ചു

മലപ്പുറം: വികസന കുതിപ്പിന്റെ നാഴികക്കല്ലാണ് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളെന്ന് ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ .ടി ജലീല്‍. തവനൂര്‍ മദിരശ്ശേരിയില്‍ ആരംഭിക്കുന്ന  അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റെ നിര്‍മാണോദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ച്  സംസാരിക്കുകയായിരുന്നു അദ്ദേഹം.

 കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റെ നിര്‍മ്മാണം മദിരശ്ശേരിയില്‍  എട്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും  വളര്‍ന്നു വരുന്ന യുവതലമുറയ്ക്ക് ഇതിലൂടെ മികച്ച തൊഴില്‍ പരിശീലനവും  തൊഴിലും  ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.  വികസന പ്രവര്‍ത്തനങ്ങള്‍ പുതിയൊരു തലത്തിലേക്ക് മാറുകയാണെന്നും സമഗ്ര വികസനമാണ് മണ്ഡലത്തില്‍ നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വെളളാഞ്ചേരി ഗവ.യു.പി സ്‌കൂളിന്റെ അധീനതയിലുള്ള  അസാപിനായി അനുവദിച്ച 1.50 ഏക്കറിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് 16 സ്‌കില്‍ പാര്‍ക്കുകള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനോടകം ഒമ്പത് സ്‌കില്‍ പാര്‍ക്കുകള്‍ ആരംഭിച്ചിട്ടുണ്ട്.

 അസാപിന്റെ സേവനങ്ങള്‍ ജനങ്ങള്‍ കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകള്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. പ്രമുഖ വ്യവസായ സ്ഥാപനകളുമായി ചേര്‍ന്ന് പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ ദേശീയ അന്തര്‍ദേശീയ നിലവാരമുള്ള കോഴ്‌സുകളില്‍ പരിശീലനം ലഭിക്കും.