ആരോഗ്യ ബോധവത്കരണത്തിന് തെരുവ് നാടകവുമായി പീവീസ് മോഡല്‍ സ്‌കൂള്‍
സമഗ്ര ആരോഗ്യ ബോധവത്കരണത്തിന്റെ ഭാഗമായി മലപ്പുറം നിലമ്പൂര്‍ പീവീസ് മോഡല്‍ സ്‌കൂള്‍ നടത്തുന്ന തെരുവ് നാടകത്തിന്റെ ആദ്യ അവതരണം സിവില്‍ സ്റ്റേഷനില്‍ അരങ്ങേറി. ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് ഉദ്ഘാടനം ചെയ്തു. അനാരോഗ്യകരമായ ഭക്ഷണ സംസ്‌കാരത്തിന്റെ ദൂഷ്യ വശങ്ങള്‍ ഓര്‍മ പ്പെടുത്തുന്നതായിരുന്നു തെരുവ് നാടകം. ജീവിത ശൈലി രോഗങ്ങള്‍ തടയുന്നതില്‍ ഭക്ഷണത്തിന്റെ പങ്കും ആരോഗ്യകരമായ ഭക്ഷണ രീതിയുമെല്ലാം നാടകത്തിലൂടെ അവതരിപ്പിച്ചു. എണ്ണയുടെയും, പഞ്ചസാരയുടെയും അമിത ഉപഭോഗത്തിനെതിരെ പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സജീവ പ്രചരണമാണ് ബോധവത്കരണത്തിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ തെരുവുനാടകം അവതരിപ്പിക്കും.
സമഗ്ര ആരോഗ്യ ബോധവല്‍ക്കരണ പ്രചാരണത്തിന്റെ ലോഗോ പ്രകാശനം പി.വി. അബ്ദുല്‍ വഹാബ് എംപി നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിജു ജോസഫ്, പ്രോഗ്രാം കോഡിനേറ്റര്‍ പി.വി. സിന്ധു എന്നിവര്‍ സംസാരിച്ചു.










