തീരശോഷണം നേരിടുന്നതിന് കിഫ്ബി സഹായത്തോടെ പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി

post

തിരുവനന്തപുരം: തീരശോഷണം നേരിടുന്നതിന് കിഫ്ബി ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ വിവിധ സാമൂഹ്യ സംഘടനാ നേതാക്കളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. 

തീരശോഷണം പരിഹരിക്കുന്നതിന് വലിയ ഒരു പദ്ധതി നടപ്പാക്കാന്‍ ലോകബാങ്കുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ അന്തിമ തീരുമാനത്തിന് കാത്തിരിക്കാതെ തന്നെ കിഫ്ബി മുഖേന പദ്ധതി ആരംഭിക്കാന്‍ ഉദ്ദേശിക്കുകയാണ്. തീരശോഷണം എന്നാല്‍ രാജ്യ അതിര്‍ത്തിയുടെ ശോഷണമാണ്. ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. തീരശോഷണം പരിഹരിക്കുന്നതിന് കേന്ദ്രത്തിന്റേയും സഹായം അനിവാര്യമാണ്. അതേസമയം, കേരളത്തിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ വേഗത്തില്‍ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരു വിഭാഗത്തിന്റേയും നിലവിലെ സംവരണ തോതില്‍ കുറവ്  വരരുതെന്ന ശക്തമായ നിലപാടാണ് സര്‍ക്കാരിനുള്ളത്. എന്നാല്‍ ഇതിന്റെ പേരില്‍ ആശങ്ക പടര്‍ത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ വിഷയത്തില്‍ സംവരണവുമായി ബന്ധപ്പെട്ട് പിന്നാക്ക വിഭാഗ കമ്മിഷന്‍ പഠനം നടത്തുന്നുണ്ട്. കമ്മിഷന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കും. ആദിവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. അറബി ഭാഷ ഉള്‍പ്പെടെ എല്ലാ ഭാഷകളെയും പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. പ്രാദേശികമായ തയ്യാറെടുപ്പ് ദുരന്തങ്ങള്‍ നേരിടുന്നതില്‍ പ്രധാനമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. സാമൂഹ്യ സന്നദ്ധ സേനയ്ക്ക് കേരളത്തില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. കുറച്ചു ദിവസത്തിനുള്ളില്‍ ഒരു ലക്ഷം വോളണ്ടിയര്‍മാര്‍ പരിശീലനം പൂര്‍ത്തിയാക്കും. ചില സാമൂഹ്യ വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പ്രത്യേകമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ പൊതുവായ അന്തരീക്ഷം അതേരീതിയില്‍ നിലനിര്‍ത്തുക പ്രധാനമാണ്. നവോത്ഥാന മൂല്യങ്ങള്‍ തകര്‍ക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്. നവോത്ഥാന മൂല്യ സംരക്ഷണ സമിതി മികച്ച ഇടപെടല്‍ നടത്തിയിട്ടുണ്ട്. കൂടുതല്‍ ജാഗ്രതയോടെ ഇടപെടേണ്ട ഘട്ടമാണിത്. നവോത്ഥാന മൂല്യ സംരക്ഷണ സമിതി പ്രവര്‍ത്തന പരിപാടി തയ്യാറാക്കണം. സമിതിയുടെ നേതൃത്വത്തില്‍ ജില്ലാ കണ്‍വെന്‍ഷനുകള്‍ വിപുലമായി സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സംസ്ഥാനം കഴിഞ്ഞ നാലര വര്‍ഷത്തിനിടെ വിവിധ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു.