വാക്സിന്‍ എടുക്കാം സുരക്ഷിതരാകാം

post

രണ്ട് ഡോസ് വാക്സിന്‍ നിര്‍ബന്ധമായും എടുക്കണം: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ കുത്തി വയ്പ്പില്‍ രണ്ടു ഡോസ് വാക്‌സിന്‍ നിശ്ചിത ഇടവേളകളിലായി എടുത്തിരിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. ഗോര്‍ക്കി ഭവനില്‍ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച വാക്സിന്‍ എടുക്കാം സുരക്ഷിതരാകാം ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വാക്‌സിന്റെ ആദ്യ ഡോസ് എടുത്തവര്‍ ഉറപ്പായും രണ്ടാമത്തെ ഡോസും എടുത്തിരിക്കണം. നാല് മുതല്‍ ആറ് ആഴ്ചകള്‍ക്കുള്ളിലാണ് രണ്ടാമത്തെ വാക്സിന്‍ എടുക്കേണ്ടത്. അലര്‍ജി പോലുള്ള ബുദ്ധിമുട്ടുള്ളവര്‍ കുത്തിവയ്പ്പ് സമയം കൃത്യമായ വിവരം നല്‍കണം. ആദ്യഡോസ് എടുത്തു കഴിഞ്ഞാല്‍ ഉണ്ടാകുന്ന ചെറിയ ബുദ്ധിമുട്ടുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യണം. ആ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ കൂടിയാണ് രണ്ടാമത്തെ വാക്സിന്‍ എടുക്കുന്നതിനുള്ള സമയം നീട്ടിയതെന്നും മന്ത്രി പറഞ്ഞു.

വാക്സിനെപ്പറ്റി തെറ്റിദ്ധാരണകള്‍ പരത്തരുത്. കുത്തിവയ്പ്പ് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. 16ന് നടക്കുന്ന വാക്‌സിന്‍ കുത്തിവയ്പ്പിനായുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ജനങ്ങളുടെ ആശങ്കയും അഭിപ്രായങ്ങളും പങ്കുവയ്ക്കാനാണ് സെമിനാര്‍ സംഘടിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചാണ് വാക്സിനേഷന്‍ നടത്തുന്നത്. വാക്സിനിലൂടെ മാത്രമേ കൃത്രിമ പ്രതിരോധം തീര്‍ക്കാന്‍ സാധിക്കൂ. കേരളം നടത്തിയ വലിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ധാരാളം പേര്‍ക്ക് കോവിഡ് വരാതെ സംരക്ഷിക്കാന്‍ സാധിച്ചു. കോവിഡിനെതിരായ പ്രതിരോധ ശേഷി കൈവരിക്കാന്‍ 45 ദിവസമെങ്കിലും ആവശ്യമാണ്. ഈ സാഹചര്യത്തില്‍ മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയ സുരക്ഷാ മുന്‍കരുതലുകള്‍ തുടരണമെന്നും മന്ത്രി അറിയിച്ചു.

ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ടാംഘട്ടത്തില്‍ മുന്‍നിര പ്രവര്‍ത്തകര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. വാക്സിനേഷനില്‍ പങ്കെടുക്കാന്‍ കൃത്യമായ സന്ദേശം ലഭിക്കും.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ വിഷയാവതരണം നടത്തിയ ചടങ്ങില്‍ ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ബി. ഇക്ബാല്‍, മുഖ്യമന്ത്രിയുടെ കോവിഡ്-19 ഉപദേഷ്ടാവ് രാജീവ് സദാനന്ദന്‍, ഡബ്ല്യൂ.എച്ച്.ഒ. പ്രതിനിധി ഡോ. റോഡറിഗോ എച്ച്. ഓഫ്രിന്‍, യൂണിസെഫ് പ്രതിനിധി സുഗത റോയ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.

കോവിഡ് വാക്സിന്‍ അടിസ്ഥാന വിവരങ്ങള്‍ എന്ന വിഷയത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. പി.എസ്. ഇന്ദു, കോവിഡ് വാക്സിനും ആരോഗ്യവും എന്ന വിഷയത്തില്‍ എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ സന്തോഷ് കുമാര്‍, അസി. പ്രൊഫസര്‍ ഡോ. റിയാസ്, പ്രതിരോധ കുത്തിവയ്പ്പും സാമൂഹ്യ ആരോഗ്യവും എന്ന വിഷയത്തില്‍ മെഡിക്കല്‍ കോളേജ് അസോ. പ്രൊഫസര്‍ ഡോ. ടി.എസ്. അനീഷ്, വാക്സിന്‍ വിതരണ സംവിധാനം എന്ന വിഷയത്തില്‍ എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, മെഡിക്കല്‍ കോളേജിലെ സംവിധാനങ്ങള്‍ എന്ന വിഷയത്തില്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി എന്നിവര്‍ സംസാരിച്ചു.