ജീവനം പദ്ധതി: കുറ്റകൃത്യങ്ങള്‍ക്ക് വിധേയരായ 40 കുടുംബങ്ങള്‍ക്ക് പുനരധിവാസ ധനസഹായം

post

പത്തനംതിട്ട: കുറ്റകൃത്യങ്ങള്‍ക്ക് വിധേയരായി മരണപ്പെട്ടിട്ടുള്ളവരുടെ ആശ്രിതര്‍, ഗുരുതര പരുക്കേറ്റവര്‍ എന്നിവരുടെ പുനരധിവാസത്തിനായി പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസ് മുഖേനെ നടപ്പിലാക്കുന്ന ജീവനം പദ്ധതി പ്രകാരം സ്വയം തൊഴില്‍ ധനസഹായം ലഭ്യമാക്കുന്നതിനായി 40 ഗുണഭോക്താക്കളെ തെരഞ്ഞെടുത്തു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അലക്സ് പി തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല പ്രൊബേഷന്‍ ഉപദേശക സമിതിയാണ് ജീവനം പദ്ധതി പ്രകാരം ധനസഹായത്തിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. സ്വയം തൊഴില്‍ സംരംഭം എന്ന നിലയില്‍ തയ്യല്‍ തൊഴില്‍ യൂണിറ്റ്, ആട് വളര്‍ത്തല്‍ യൂണിറ്റ് എന്നിവ ആരംഭിക്കുന്നതിനാണു ധനസഹായം ലഭ്യമാക്കുന്നത്.
കഴിഞ്ഞ വര്‍ഷം സ്‌പോണ്‍സര്‍ഷിപ്പ് മുഖേനെ ഫണ്ട് കണ്ടെത്തി കുറ്റകൃത്യത്തിന് വിധേയരായ 26 പേര്‍ക്ക് ധനസഹായം ലഭ്യമാക്കിയിരുന്നു. ഈ വര്‍ഷം പദ്ധതി നിര്‍വഹണത്തിനായി ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ സമര്‍പ്പിച്ച പ്രൊപ്പോസലിന്റെ അടിസ്ഥാനത്തില്‍ 4,44,000 രൂപ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ അനുവദിക്കുകയായിരുന്നു.
കുറ്റകൃത്യത്തിനു വിധേയമായവരുടെ നിര്‍ധന കുടുംബത്തെ സഹായിക്കുന്നതിനായി പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ച ജീവനം പദ്ധതി സംസ്ഥാന തലത്തില്‍ നടപ്പിലാക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്. സ്വയം തൊഴില്‍ ധനസഹായത്തിനു പുറമെ കുറ്റകൃത്യത്തിനു വിധേയരായി മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും ഗുരുതര പരുക്കേറ്റവര്‍ക്കും സാമൂഹ്യ-മാനസിക പിന്‍തുണ നല്‍കുക, നിയമ സഹായം, വൈദ്യ സഹായം എന്നിവ ലഭ്യമാക്കുന്നതിനു സഹായിക്കുക എന്നതും ജീവനം  പദ്ധതിയുടെ ലക്ഷ്യമാണ്. ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന പ്രൊബേഷന്‍ സര്‍വീസ് സപ്പോര്‍ട്ട് ടീമിന്റെ പിന്‍തുണയോടെ  കോടതികള്‍, പോലീസ്, പ്രോസിക്യൂഷന്‍ എന്നിവയുമായി സഹകരിച്ചാണു ജീവനം പദ്ധതി നടപ്പിലാക്കുന്നത്.
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അലക്സ് പി.തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എ.ഒ അബീന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.എസ് രേണുക ഭായ്, ക്രൈം ബ്രാഞ്ച് എസ്.ഐ സജിത്ത് ഇ.എസ്, അഡ്വ. എസ് കാര്‍ത്തിക,  ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് -2  സി.എസ് സുരേഷ് കുമാര്‍, എന്‍.അനുപമ, ജെ.ബിജു തുടങ്ങിയവര്‍ പങ്കെടുത്തു. സ്വയംതൊഴില്‍ ധനസഹാത്തിനായി തെരഞ്ഞെടുത്തവര്‍ 200 രൂപ മുദ്രപത്രത്തില്‍ കരാറില്‍ ഏര്‍പ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പ്രൊബേഷന്‍ ഓഫീസുമായി (0468  2325242) ബന്ധപ്പെടേണ്ടതാണെന്നും ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍  അറിയിച്ചു.