തോണിക്കടവ് ടൂറിസം പദ്ധതി ഉദ്ഘാടനം ജനുവരി അവസാന വാരം

post

കോഴിക്കോട് : തോണിക്കടവ് ടൂറിസം പദ്ധതി പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ജനുവരി അവസാന വാരം  ഉദ്ഘാടനത്തിന് തയ്യാറാവുമെന്ന് പുരുഷന്‍ കടലുണ്ടി എംഎല്‍എ അറിയിച്ചു.  എം. എല്‍. എയുടെ  അധ്യക്ഷതയില്‍  കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. രണ്ട് ഘട്ടങ്ങളിലായി 3.9 കോടി രൂപ ചെലവഴിച്ചാണ് പ്രവൃത്തി പൂര്‍ത്തീകരണത്തിലെത്തുന്നത്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെതാണ് ഫണ്ട്.  ഇറിഗേഷന്‍ വകുപ്പും ടൂറിസം വകുപ്പും സംയുക്തമായാണ് പദ്ധതി നിര്‍വഹണം നടപ്പിലാക്കുന്നത്.

ഒന്നും രണ്ടും ഘട്ടങ്ങളിലായാണ് തോണിക്കടവിലെ വിവിധ വികസന പദ്ധതികള്‍ യഥാര്‍ഥ്യമാവുന്നത്. കഫെറ്റീരിയ, വാച്ചിങ് ടവര്‍, വാക് വേ, സീറ്റിംഗ്, ആംഫി തിയേറ്റര്‍, മാലിന്യ സംസ്‌കരണം, കുട്ടികളുടെ പാര്‍ക്ക്, ബോട്ട് ജെട്ടി  തുടങ്ങിയ പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചത്. ലാന്‍ഡ്‌സ്‌കേപിങ്, ഇലക്ട്രിക്കല്‍ പ്രവൃത്തികളാണ്  പൂര്‍ത്തീകരിക്കാനുള്ളത്. തോണിക്കടവ് മുതല്‍ കാരിയാത്തുംപാറ വരെ   ബോട്ടിങ് ആരംഭിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

ജില്ലാകലക്ടര്‍ സാംബശിവ റാവു, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, ടൂറിസം വകുപ്പ്  റീജിയണല്‍ ജോയിന്‍ ഡയറക്ടര്‍ സി.എന്‍.അനിത കുമാരി, ഡി. ടി. പി. സി സെക്രട്ടറി ബീന. സി. പി, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം. വി മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.