പുനർഗേഹം പദ്ധതി: കോഴിക്കോട് ജില്ലയിൽ 98 വീടുകൾ പൂർത്തീകരിച്ചു

post

തിരയെയും കടലിനേയും ഭയപ്പെടാതെ കടലിൻ്റെ മക്കൾക്ക് അന്തിയുറങ്ങാൻ പുനർഗേഹം പദ്ധതിയിലൂടെ കോഴിക്കോട് ജില്ലയിൽ പൂർത്തീകരിച്ചത് 98 വീടുകൾ. ബേപ്പൂർ മുതൽ വടകര വരെ നീണ്ടുകിടക്കുന്ന കടലോര മേഖലകളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കാണ് ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ വീടുകൾ നിർമ്മിച്ചു നൽകുന്നത്. തീരദേശ ജനതയെ സുരക്ഷിത ഭവനങ്ങളിൽ താമസിപ്പിക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ ആരംഭിച്ച പുനർഗേഹം പദ്ധതിയിലൂടെയാണ് ജില്ലയിൽ വീടുകളൊരുങ്ങുന്നത്. കടലോരത്തെ വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്ററിനുള്ളിൽ അധിവസിക്കുന്ന കുടുംബങ്ങളെയാണ് ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി പുനരധിവസിപ്പിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി ജില്ലയിൽ മൊത്തം 2609 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഓരോ സാമ്പത്തിക വർഷവും നിശ്ചിത കുടുംബങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ലക്ഷ്യം പൂർത്തിയാക്കുക. പദ്ധതി പ്രകാരം ജില്ലയിൽ നാളിതുവരെ 12 കോടി രൂപ വിനിയോഗിച്ചു. ഇതുവഴി ഭൂമിയുടെ രജിസ്‌ട്രേഷൻ മുതൽ വീടുനിർമ്മാണത്തിന്റെ ഒന്ന്, രണ്ട്, മൂന്ന് ഘട്ടങ്ങൾക്ക് ഉൾപ്പടെ തുക കൈമാറി. ഒരു കുടുംബത്തിന് പരമാവധി 10 ലക്ഷം രൂപയാണ് പദ്ധതി പ്രകാരം ലഭ്യമാവുക. പുനർഗേഹം പദ്ധതിയിൽ 137 പേർ ഭൂമി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുകയും 98 ഭവനങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു. വരുന്ന സാമ്പത്തിക വർഷം കൂടി പൂർത്തിയാകുമ്പോൾ ജില്ലയിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് പുനർഗേഹം പദ്ധതിയുടെ തണലിൽ സുരക്ഷിത വീടുകളിൽ താമസിക്കാൻ കഴിയും. വെസ്റ്റ് ഹിൽ ചുങ്കത്ത് 80 കുടുംബങ്ങളെ പാർപ്പിക്കുന്ന ഫ്ലാറ്റിൻ്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. 2023 ജൂൺ മാസം വെള്ളയിൽ ബീച്ചിലെ 19 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക്‌ റവന്യൂ മന്ത്രി നേരിട്ടെത്തി പട്ടയം കൈമാറിയിരുന്നു.

പുനർഗേഹം പദ്ധതിക്ക് പുറമെ മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനും വിവിധ ആവശ്യങ്ങൾക്കുമായി വിവിധ കേന്ദ്ര- സംസ്ഥാന പദ്ധതികളിലൂടെ ഫിഷറീസ് വകുപ്പ് ധനസഹായം കൈമാറിയിട്ടുണ്ട്. സമ്പാദ്യ സമാശ്വാസ പദ്ധതികൾ പ്രകാരം 5,43,87000 രൂപയാണ് 2022-23 സാമ്പത്തിക വർഷത്തിൽ ചെലവഴിച്ചത്. 2023- 24 വർഷത്തിൽ ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ 16,566 മത്സ്യത്തൊഴിലാളികൾക്കായി 4.58 കോടി രൂപയും വിതരണം ചെയ്തു കഴിഞ്ഞു.

2023- 24 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ വിവിധ കേന്ദ്ര- സംസ്ഥാന സംയുക്ത പദ്ധതികൾക്കായി വിനിയോഗിച്ചത് 13.86 കോടിയോളം രൂപയാണ്. പിന്നാമ്പുറ മത്സ്യവിത്ത് ഉല്പാദന പദ്ധതികൾ, കുറ്റ്യാടി പുഴയിലെ മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കാനുള്ള പദ്ധതികൾ, ഉൾനാടൻ മത്സ്യ കൃഷി പ്രോത്സാഹന പദ്ധതികൾ, മത്സ്യ ബന്ധന ഉപകരണ വിതരണ പദ്ധതികൾ, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾക്ക് ഇൻഷൂറൻസ് പരിരക്ഷ നൽകുന്ന പദ്ധതികൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

ജില്ലയിൽ മത്സ്യബന്ധന യാനങ്ങളുടെ പുനരുദ്ധാരണത്തിനായി 1.95 കോടിയുടെ പദ്ധതിക്കാണ് അനുമതി ലഭ്യമായത്. ഇതുവഴി പഴയ ബോട്ടുകൾ സ്റ്റീൽ ബോട്ടുകളാക്കി മാറ്റാൻ ബോട്ടൊന്നിന് 15 ലക്ഷം രൂപ ലഭിക്കും. ഇത്തരത്തിൽ 13 ഗുണഭോക്താക്കളെയാണ് ജില്ലയിൽ നിന്നും തെരഞ്ഞെടുത്തിട്ടുള്ളത്. നിലവിൽ പദ്ധതിയുടെ ഒന്നാം ഗഡു വിതരണം ചെയ്യുകയും ബോട്ടുകളുടെ പണി ആരംഭിക്കുകയും ചെയ്തിതിട്ടുണ്ട്. സഹകരണ സംഘത്തിൽ അംഗത്യമുള്ള മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിനായുള്ള 1.5 കോടിയുടെ രണ്ട് ബോട്ടുകളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. കുരിയാടി, വെള്ളയിൽ എന്നിവിടങ്ങളിൽ മത്സ്യഭവൻ നിർമ്മാണത്തിന് യാഥാക്രമം ഒന്ന്, രണ്ട് കോടിയുടെ പ്രവൃത്തിക്കും അനുമതി ലഭ്യമായി കഴിഞ്ഞു.

ജില്ലയിലെ ഉൾനാടൻ മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കുക മത്സ്യോല്പാദനം വർദ്ധിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കായി വകുപ്പിനു കീഴിൽ 39 പ്രമോട്ടർമാരും ഏഴ് കോർഡിനേറ്റർമാരും പ്രവർത്തിച്ചു വരുന്നു. 2022 മെയ് മുതൽ സെപ്തംബർ വരെയുള്ള അഞ്ചുമാസത്തിനിടെ കാലാവസ്ഥ മുന്നറിയിപ്പ് കാരണം തൊഴിൽ നഷ്ടമായ 15040 മത്സ്യതൊഴിലാളികൾക്കും 2489 അനുബന്ധ തൊഴിലാളികൾക്കും ഓരോരുത്തർക്കുമായി മുവ്വായിരം രൂപ വീതം ഫിഷറീസ് വകുപ്പ് ധനസഹായം കൈമാറിയിട്ടുണ്ട്. വിവിധ ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കി മത്സ്യത്തൊഴിലാളികളെ സമൂഹത്തിന്റെ ഉന്നതിയിലേക്ക് കൈപ്പിടിച്ച് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ജില്ലയിലെ ഫിഷറീസ് വകുപ്പിന്റെ പ്രവർത്തനങ്ങൾ.