പുട്ട് മുതല്‍ ബിരിയാണിവരെ: സ്മാര്‍ട്ട് ഡയറ്റുമായി ജില്ലയിലെ അങ്കണവാടികള്‍

post

മലപ്പുറം:  ചെലവ് വര്‍ധനവില്ലാതെ വൈവിധ്യവും ആകര്‍ഷകവും സമ്പൂര്‍ണ്ണ പോഷണവും ഉള്‍ക്കൊള്ളിച്ച് സ്മാര്‍ട്ട് ഡയറ്റ് ഒരുക്കാന്‍ തയ്യാറെടുക്കുകയാണ്‌  ജില്ലാ ഐ.സി.ഡി.എസ്.  ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, പ്രീ സ്‌കൂള്‍ കുട്ടികള്‍ തുടങ്ങിയവര്‍ക്കാണ് പദ്ധതിയൊരുങ്ങുന്നത്. ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍  ഐ.സി.ഡി.എസ് ഗുണഭോക്താക്കള്‍ക്ക് നല്‍കി വരുന്ന ഭക്ഷണം പരിഷ്‌കരിക്കുന്നതിനായി ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

'സ്മാര്‍ട്ട് ഡയറ്റ്' എന്ന പേരില്‍ കുഞ്ഞുങ്ങള്‍ക്ക് രാവിലെയും ഉച്ചക്കും വൈകീട്ടും സുരക്ഷിത ഭക്ഷണം സമ്പൂര്‍ണ്ണ പോഷണം എന്ന രീതിയില്‍ നല്‍കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. രാവിലെ റാഗി/അരി പൊടിയില്‍ പാകം ചെയ്ത അട, ഇഡ്ഡലിയും സാമ്പാറും,  നൂല്‍പുട്ട്, വെജ് പുലാവ്, അരി പുട്ട് തുടങ്ങിയവയ്‌ക്കൊപ്പം വൈവിധ്യമാര്‍ന്ന കറികളും  ഉച്ചക്ക് വെജിറ്റബിള്‍ ബിരിയാണി, എഗ്ഗ് ഫ്രെയ്ഡ് റൈസ്,സദ്യ, കാശ്മീരി പുലാവ് അതിനോടൊപ്പം ജ്യൂസും നല്‍കും. വൈകീട്ട്  പായസം തുടങ്ങി രുചിയേറിയ സ്‌നാക്ക്‌സും അങ്കണവാടികളില്‍ ഒരുക്കും.  തിങ്കള്‍ മുതല്‍ ശനി വരെ ഓരോ ദിവസങ്ങളിലും വ്യത്യസ്തമായ മെനുവാണ് ഒരുക്കിയിട്ടുള്ളത്. കുടുംബശ്രീ വഴി വീടുകളിലെ അടുക്കളത്തോട്ടങ്ങളില്‍ ഉണ്ടാക്കുന്ന പഴങ്ങള്‍, പച്ചക്കറികള്‍, മുട്ട, പാല്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിച്ചാണ് ആഹാരം തയ്യാറാക്കുക.

ഗര്‍ഭിണികളിലും പാലൂട്ടുന്ന അമ്മമാരിലും കണ്ടുവരുന്ന വിളര്‍ച്ച, പോഷകഹാരക്കുറവ് എന്നിവ പരിഹരിക്കുന്നതിനായി നിലവില്‍ നല്‍കി വരുന്ന ധാന്യങ്ങള്‍ക്ക് പകരം പുതിയ ഭക്ഷ്യമിശ്രിതം തയ്യാറാക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ സുരക്ഷിതമായ പാക്കിങ് സംവിധാനത്തോടെ റെഡിടുമിക്‌സ് പൗഡര്‍ രൂപത്തിലാണ് അങ്കണവാടികളിലൂടെ നല്‍കുക.

പദ്ധതി ഫെബ്രുവരി ഒന്ന് മുതല്‍ പ്രാഥമികമായി മലപ്പുറം നഗരസഭയിലെ  പത്ത് അങ്കണവാടികളില്‍ നടപ്പാക്കും. ഇതിന് മുന്നോടിയായി ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, മൂന്ന് മുതല്‍ ആറ് വയസ്സു വരെയുള്ള കുട്ടികള്‍ തുടങ്ങിയവരുടെ പോഷണനിലവാരത്തെക്കുറിച്ച് പഠനം നടത്തും. തുടര്‍ന്ന് ഏപ്രിലോടു കൂടി ജില്ലയിലെ മുഴുവന്‍ അങ്കണവാടികളിലും പരിഷ്‌കരിച്ച ഭക്ഷണക്രമം വ്യാപിപ്പിക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍  ജില്ലാപഞ്ചായത്ത് അംഗങ്ങളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.