കോവിഡ് 19: ജില്ലയില്‍ 580 പേര്‍ക്ക് രോഗബാധ

post

457 പേര്‍ക്ക് കൂടി രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 547 പേര്‍ക്ക് വൈറസ്ബാധ

26 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ

ആരോഗ്യ മേഖലയില്‍ രോഗബാധ ഒരാള്‍ക്ക്

രോഗബാധിതരായി ചികിത്സയില്‍ 5,122 പേര്‍

ആകെ നിരീക്ഷണത്തിലുള്ളത് 65,465 പേര്‍

മലപ്പുറം : ജില്ലയില്‍ ശനിയാഴ്ച (ജനുവരി 02) 580 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 547 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന സ്ഥിതി തുടരുന്നത് ആശങ്കാജനകമാണെന്നും ഈ സാഹചര്യത്തില്‍ കോവിഡ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അറിയിച്ചു. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളും ഉറവിടമറിയാതെ 26 പേരും ഇന്ന് രോഗബാധിതരായവരില്‍ ഉള്‍പ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്ന് ജില്ലയിലെത്തിയതുമാണ്.

വിദഗ്ധ ചികിത്സയ്ക്ക് ശേഷം 457 പേരാണ് ജില്ലയില്‍ ശനിയാഴ്ച രോഗ വിമുക്തരായത്. ഇവരുള്‍പ്പെടെ 86,471 പേര്‍ ഇതുവരെ രോഗമുക്തി നേടി. ജില്ലയിലിപ്പോള്‍ 65,465 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 5,122 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 410 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 197 പേരും 259 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 487 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.