കണ്ണൂരിലെ മലയോരത്ത് ഇനി വോള്‍ട്ടേജ് ക്ഷാമമില്ല

post

നാല് സബ്‌സ്‌റ്റേഷനുകള്‍ ഉദ്ഘാടനം ചെയ്തു 

കണ്ണൂര്‍ : കണ്ണൂരിലെ മലയോര മേഖലകളിലെ വോള്‍ട്ടേജ് ക്ഷാമം ഉള്‍പ്പെടെയുള്ള വൈദ്യുതി പ്രതിസന്ധികള്‍ക്ക് പരിഹാരമായി ജില്ലയില്‍ വിവിധ സബ്‌സ്‌റ്റേഷനുകള്‍  ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം 110 കെ വി സബ്‌സ്റ്റേഷന്‍, കേളകം 33 കെ വി സബ്‌സ്റ്റേഷന്‍, നെടുംപൊയില്‍ 110 കെ വി സബ്‌സ്റ്റേഷന്‍, വലിയവെളിച്ചം 110 കെ വി സബ്‌സ്റ്റേഷന്‍ എന്നിവയുടെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എം എം മണി നിര്‍വ്വഹിച്ചു. വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുക, വൈദ്യുതി പ്രസരണ നഷ്ടം കുറയ്ക്കുക, ഉപയോക്താക്കള്‍ക്ക് തടസ്സം കൂടാതെ ഗുണമേന്മയുള്ള വൈദ്യുതി മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പ്രസരണ രംഗത്ത് കൂടുതല്‍ സബ്‌സ്റ്റേഷനുകളും ലൈനുകളും സ്ഥാപിക്കുന്നത്.

ശ്രീകണ്ഠപുരം 110 കെ വി സബ്‌സ്റ്റേഷന്‍

ശ്രീകണ്ഠപുരത്ത് നിലവിലുള്ള 66 കെ.വി. സബ് സ്റ്റേഷന്‍ 110 കെ.വി. സബ് സ്റ്റേഷനാക്കി ഉയര്‍ത്തിയാണ് നവീകരിച്ചത്. സബ്‌സ്റ്റേഷന്റെയും 12.33 കി.മീ ദൈര്‍ഘ്യമുള്ള ശ്രീകണ്ഠപുരം വെള്ളാപറമ്പ് 110 കെ വി ഡബിള്‍ സര്‍ക്യൂട്ട് ലൈനിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു. 66 കെ വിയില്‍നിന്ന് 110 കെ വി യായി പ്രസരണ വോള്‍ട്ടേജ് ഉയര്‍ത്തുന്നത് വഴി ശ്രീകണ്ഠപുരം, ഇരിക്കൂര്‍, മലപ്പട്ടം, പടിയൂര്‍, കല്യാട്, ഉളിക്കല്‍, പയ്യാവൂര്‍, ഏരുവേശി, ചെങ്ങളായി, വളക്കൈ എന്നീ പ്രദേശങ്ങളിലെ വൈദ്യുതിവിതരണം കാര്യക്ഷമമാകും.

കേളകം 33 കെ വി സബ്‌സ്റ്റേഷന്‍

പുതുതായി സ്ഥാപിക്കുന്ന 33 കെ വി കേളകം സബ്‌സ്റ്റേഷന്‍ നിലവില്‍ വരുന്നതോടെ കേളകം, കൊട്ടിയൂര്‍, കണിച്ചാര്‍, ആറളം, മുഴക്കുന്ന്, പേരാവൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളിലെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് വോള്‍ട്ടേജ് വര്‍ധനവിനൊപ്പം തടസ്സം കൂടാതെ ഗുണമേന്മയുള്ള വൈദ്യുതിയും ലഭിക്കും.

നെടുംപൊയില്‍ 110 കെ വി സബ്‌സ്റ്റേഷന്‍

66 കെ വി യില്‍നിന്ന് 110 കെ വിയായി നെടുംപൊയില്‍ സബ്‌സ്റ്റേഷന്റെ പ്രസരണ വോള്‍ട്ടേജ് ഉയര്‍ത്തുന്നത് വഴി മലയോരമേഖലകളായ കൊളക്കാട്, ചുങ്കക്കുന്ന്, അമ്പായത്തോട് എന്നീ പ്രദേശങ്ങളിലും, കണ്ണവം ടൗണ്‍ മുതല്‍ കോളയാട് വരെയും, പരിസര പഞ്ചായത്തുകളായ നെടുംപൊയില്‍, കോളയാട്, കൊട്ടിയൂര്‍, ആറളം എന്നിവ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലേയും ഏറെ നാളായുള്ള വോള്‍ട്ടേജ് ക്ഷാമത്തിനാണ് പരിഹാരമാകുന്നത്.

വലിയവെളിച്ചം 110 കെ വി സബ്‌സ്റ്റേഷന്‍

കെഎസ്‌ഐഡിസിയുടെ വ്യാവസായികാവശ്യങ്ങള്‍ നിറവേറ്റുന്നതിനും വലിയവെളിച്ചം, മാനന്തേരി, കൂത്തുപറമ്പ്, മൂര്യാട്, ചെറുവാഞ്ചേരി, പാട്യം കണ്ണവം, ചിറ്റാരിപ്പറമ്പ് പ്രദേശങ്ങളിലെ വോള്‍ട്ടേജ് ക്ഷാമവും വൈദ്യുതി തടസ്സവും പരിഹരിക്കുന്നതിനുമായാണ് ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ വലിയവെളിച്ചം വ്യവസായ വളര്‍ച്ചാകേന്ദ്രത്തില്‍ 110കെ വി സബ്‌സ്റ്റേഷന്‍ നിര്‍മ്മിച്ചത്. പ്രദേശത്തെ അമ്പതിനായിരത്തോളം വൈദ്യുതി ഉപഭോക്താക്കള്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്.