സ്‌ക്വാഡ് പരിശോധനകള്‍ സജീവം; ചെങ്കല്ല് കടത്തിയ വാഹനങ്ങളില്‍ നിന്ന് 1.7 ലക്ഷം രൂപ പിഴ ഈടാക്കി

post

ഓണക്കാലത്തെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള പരിശോധനകള്‍ സജീവം. മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇരിക്കൂര്‍, പേരാവൂര്‍ മേഖലയില്‍ അനധികൃതമായി ചെങ്കല്ല് കടത്തുകയായിരുന്ന ഏഴ് വാഹനങ്ങള്‍ കണ്ടെത്തി. ഇവയില്‍ നിന്ന് റോയല്‍റ്റി വില ഇനത്തില്‍ 1,70,400 രൂപ ഈടാക്കി.


ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ അശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിന് തലശ്ശേരിയിലെ 11 ഹോട്ടലുകള്‍ക്ക് 61,000 രൂപ പിഴ ചുമത്തി. ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ എടയാറിലെ പന്നിഫാമിലേക്ക് ഹോട്ടല്‍ ഭക്ഷണ മാലിന്യവുമായി പോവുകയായിരുന്ന ലോറി പരിശോധിച്ചതില്‍ നിന്നും ലഭിച്ച തെളിവുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് സ്‌ക്വാഡ് കഴിഞ്ഞ മൂന്നുദിവസമായി തലശ്ശേരിയിലെ ഹോട്ടലുകളില്‍ പരിശോധന നടത്തിയത്.


ഓണം വിപണിയില്‍ കരിച്ചന്ത, പൂഴ്ത്തിവെപ്പ്, അമിത വില എന്നിവ ന്നത് തടയുന്നതിനായി സിവില്‍ സപ്ലൈസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 500ലേറെ പലചരക്ക്, പച്ചക്കറി കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. കൃത്രിമം കണ്ടെത്തിയ 21 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുന്നതിന് നടപടികള്‍ സ്വീകരിച്ചു.


ലീഗല്‍ മെട്രോളജി വകുപ്പ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അമ്പതിലേറെ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ അളവ് തൂക്ക സംബന്ധമായ നിയമ ലംഘനങ്ങള്‍ക്ക് ഏഴു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.


തദ്ദേശ, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകള്‍ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ 700ലേറെ സ്ഥാപനങ്ങളില്‍ ശുചിത്വ പരിശോധന നടത്തി. നിയമലംഘനങ്ങള്‍ കണ്ടെത്തിയ 21 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഒരു തട്ടുകടയും ഒരു ഇറച്ചി വില്‍പ്പന സ്റ്റാളും അടച്ചുപൂട്ടി.