നിയമ സഭാ തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കാന്‍ എല്ലാവരും സഹകരിക്കണം

post

മലപ്പുറം: വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കാന്‍  രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളും  സഹകരിക്കണമെന്ന്  വോട്ടര്‍ പട്ടിക നീരിക്ഷകയും മൃഗ സംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ്, കായിക വകുപ്പ് സെക്രട്ടറിയുമായ ടിങ്കു ബിസ്വാള്‍ അഭ്യര്‍ത്ഥിച്ചു.  കളക്ടറേറ്റില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രായപൂര്‍ത്തി വോട്ടവകാശം ഉറപ്പുവരുത്തുന്നതിന് 18 വയസ്സ് പൂര്‍ത്തിയായ മുഴുവനാളുകളും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.  ജനാധിപത്യ സംവിധാനത്തില്‍ ഏറ്റവും ശക്തമായ  ആയുധമാണ്  വോട്ടവകാശം.  ഇതുപയോഗിക്കുന്നതിന് വോട്ടര്‍പട്ടികയില്‍ പേരുണ്ടാകണം. വോട്ടര്‍ പട്ടിക  കുറ്റമറ്റതാണെങ്കില്‍ മാത്രമേ ജനാധിപത്യവും കുറ്റമറ്റതാകൂ.  ഡിസംബര്‍ 26 നകം രാഷ്ട്രീയ പാര്‍ട്ടികള്‍ ബൂത്ത് ഏജന്റുമാരെ നിയമിക്കണം,  ഇവര്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുമായി സഹകരിച്ച് വോട്ടര്‍പട്ടികയിലെ ഇരട്ടിപ്പും മറ്റു അപാകതകളും പരിഹരിക്കണം. മരിച്ചവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണം. ഒരാള്‍ക്ക് ഒന്നിലധികം ബൂത്തുകളില്‍  വോട്ട് ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണം. ഇതിനായി പൊതുജനങ്ങളും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും പൂര്‍ണമായി  സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഗോപാലകൃഷ്ണനും അഭ്യര്‍ത്ഥിച്ചു.  യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ടി. ആര്‍ അഹമ്മദ് കബീര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു