കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സ്‌കൂളുകളുടെ പുരോഗതി കേന്ദ്ര സംഘം വിലയിരുത്തി

post

മലപ്പുറം: പൊന്നാനി നഗരസഭയില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി.എം.ജെ.വി.കെ (പ്രധാന്‍ മന്ത്രി ജന്‍ വികാസ് കാര്യക്രം) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സ്‌കൂളുകളുടെ പുരോഗതി കേന്ദ്ര സംഘം നേരിട്ട് വിലയിരുത്തി.  പൊന്നാനി നഗരസഭയിലെ തെയ്യങ്ങാട് ഗവ. എല്‍.പി. സ്‌കൂള്‍, തൃക്കാവ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കടവനാട് ജി.എഫ്.എല്‍.പി സ്‌കൂള്‍, ടൗണ്‍ ജി.എം.എല്‍.പി. സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ആത്തിഫ് റഷീദിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം സന്ദര്‍ശനം നടത്തിയത്.  

പി.എം.ജെ.വി.കെ പദ്ധതി പ്രകാരമുള്ള ധനസഹായത്തോടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതും പ്രവൃത്തികള്‍ പുരോഗമിക്കുന്നതുമായ സ്‌കൂളുകളാണിവ. തൃക്കാവ് ഗവ. ഹൈസ്‌കൂളിലും   തെയ്യങ്ങാട് ജിഎല്‍ഐപി സ്‌കൂളിലുമാണ് പദ്ധതിയിലൂടെ കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്. പൊന്നാനി ടൗണ്‍ ജി.എം.എല്‍.പി സ്‌കൂളില്‍ കെട്ടിട നിര്‍മാണം 60 ശതമാനവും പൂര്‍ത്തിയായി. കടവനാട് ജിഎല്‍പി സ്‌കൂളില്‍ കെട്ടിട നിര്‍മ്മാണ പ്രവൃത്തി 30 ശതമാനവും തൃക്കാവ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ രണ്ടാം ഘട്ടം 30 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്.  

പൊന്നാനിയിലെത്തിയ സംഘം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് പദ്ധതി പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയത്.