തെരഞ്ഞെടുപ്പ് ദിവസം അതീവ ജാഗ്രത പാലിക്കണം

post

മലപ്പുറം: ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതു തെരഞ്ഞെടുപ്പ് ദിവസം അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. അശ്രദ്ധയോടെയുള്ള സമീപനം കോവിഡ് 19 വൈറസ് വ്യാപനത്തിന് വഴിയൊരുക്കുമെന്ന് എല്ലാവരും തിരിച്ചറിയണം. ബൂത്തുകളില്‍ വോട്ട് ചെയ്യാനെത്തുന്നവരും ഉദ്യോഗസ്ഥരും സ്ഥാനാര്‍ഥികളുടെ പ്രതിനിധികളുമെല്ലാം സാമൂഹ്യ അകലം ഉറപ്പാക്കുകയും ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കുകയും വേണം.

വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരെല്ലാം കൃത്യമായ ഇടവേളകളില്‍ സോപ്പ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ച് കൈകള്‍ കഴുകണം. മാസ്‌ക് ശരിയായ രീതിയില്‍ ഉപയോഗിക്കണം. വൈറസ് ബാധക്കുള്ള സാധ്യത തിരിച്ചറിഞ്ഞ് സ്വയം സുരക്ഷ ഉറപ്പാക്കാന്‍ പരമാവധി ശ്രമിക്കണം. ആരോഗ്യ സുരക്ഷ ഉറപ്പാക്കി മാത്രമെ മറ്റുള്ളവരുമായി ഇടപഴകാവൂയെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു.

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലിലോ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലോ വിളിച്ച് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.