അപകട സാധ്യതയുള്ള മരങ്ങള്‍, ഹോള്‍ഡിംഗുകള്‍ നീക്കം ചെയ്യണം: ജില്ലാ കളക്ടര്‍

post

പത്തനംതിട്ട: ജില്ലയില്‍  ബുറേവി ചുഴലി കാറ്റും അതിതീവ്രമഴ മുന്നറിയിപ്പും നല്‍കിയ സാഹചര്യത്തില്‍ അപകടകരമാം വിധം നില്‍ക്കുന്ന മരങ്ങള്‍, മര ശിഖരങ്ങള്‍, ഹോള്‍ഡിംഗുകള്‍ എന്നിവ അടിയന്തരമായി നീക്കം ചെയ്യാന്‍ തഹസില്‍ദാര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍ദേശം നല്‍കി. ബുറേവി മുന്നറിയിപ്പ് സാഹചര്യത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി അംഗങ്ങള്‍, തഹസില്‍ദാര്‍മാര്‍, പഞ്ചായത്തു സെക്രട്ടറിമാര്‍, മറ്റു ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചേര്‍ന്ന അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ജീവനും, സ്വത്തിനും അപകടം സൃഷ്ടിക്കുന്നവിധം പാതയോരങ്ങളിലും മറ്റുംനില്‍ക്കുന്ന മരങ്ങള്‍, മര ശിഖരങ്ങള്‍, ഹോള്‍ഡിംഗുകള്‍ എന്നിവ അടിയന്തരമായി നീക്കം ചെയ്യുന്നതിന് അതത് സ്ഥാപനങ്ങള്‍ക്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചേര്‍ന്ന് തീരുമാനം എടുക്കാം. ശക്തമായ കാറ്റില്‍ അപകടം സാധ്യതയുള്ള തെരഞ്ഞെടുപ്പ് പ്രചാരണ ഹോള്‍ഡിംഗുകള്‍ ബുവേറി ചുഴലിക്കാറ്റ് ശമിക്കുന്നതുവരെ മാറ്റി വയ്ക്കുവാന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. ശക്തമായ മഴ പെയ്താല്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ എന്നിവ ഉണ്ടാകുന്ന സ്ഥലങ്ങള്‍ കണ്ടെത്തി മുന്നൊരുക്കങ്ങള്‍, അടിയന്തര സാധനങ്ങള്‍ എന്നിവ ഒരുക്കി വയ്ക്കണം. ആവശ്യമായ സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കുവാനും കളക്ടര്‍ നിര്‍ദേശം നല്‍കി.  ജില്ലാ ഭരണകൂടം അറിയിക്കുന്ന അലര്‍ട്ടുകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണം. എല്ലാ പഞ്ചായത്തിലും അടിയന്തരമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൂടി അവശ്യമായ തീരുമാനങ്ങളെടുക്കണം.  മരങ്ങള്‍, ഇലക്ട്രിക്ക് പോസ്റ്റുകള്‍ എന്നിവയ്ക്ക് സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കണം. ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ള പുഴയില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും കര്‍ശന ജാഗ്രത തുടരണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ കളക്ടര്‍ നിര്‍ദേശിച്ചു.