കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പോളിങ് ബൂത്തുകള്‍

post

മലപ്പുറം: തദ്ദേശ തെരെഞ്ഞെടുപ്പിനുള്ള പോളിങ് ബൂത്തുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒരുങ്ങും. പോളിങ് സ്റ്റേഷനുകളായി നിശ്ചയിച്ചിരിക്കുന്ന സ്ഥാപനങ്ങളില്‍ വൈദ്യുതി, കുടിവെള്ളം, ഫര്‍ണീച്ചര്‍, ടോയിലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാണെന്ന് അതത് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍  ഉറപ്പുവരുത്തും. വൈദ്യുതി, കുടിവെള്ളം എന്നിവ ലഭ്യമല്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്, കേരള വാട്ടര്‍ അതോറിറ്റി എന്നിവയുടെ പ്രാദേശിക ഓഫീസുകളുമായി ബന്ധപ്പെട്ട് അവ ലഭ്യമാക്കും. അല്ലാത്തപക്ഷം സ്റ്റേഷനുകളില്‍ ആവശ്യമായ പോര്‍ട്ടബിള്‍ ടൈപ്പ് സംവിധാനം ഏര്‍പ്പെടുത്തും. പോളിങ് സ്റ്റേഷനുകളില്‍ ടോയിലറ്റ് സൗകര്യം ലഭ്യമായില്ലെങ്കില്‍  അവ ലഭ്യമാക്കുന്നതിന് ഉചിത നടപടികള്‍ സ്വീകരിക്കും. പ്രയോഗിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ പരിസരത്തെ സ്ഥാപനങ്ങളിലോ വീടുകളിലോ സൗകര്യങ്ങള്‍  ഉറപ്പാക്കും.

പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണം കുടുംബശ്രീയുമായി ചേര്‍ന്ന് ലഭ്യമാക്കും. വോട്ടര്‍മാര്‍ സാമൂഹിക അകലം പാലിച്ച് വരി നില്‍ക്കുന്നതിന് പ്രത്യേകം അടയാളം രേഖപ്പെടുത്തുകയും  വരി നില്‍ക്കുന്ന സ്ഥലത്ത് തണലിനായി ടാര്‍പാളിന്‍ കെട്ടുകയും    റാമ്പ് സൗകര്യം ലഭ്യമല്ലെങ്കില്‍ താല്‍ക്കാലികമായി സജ്ജമാക്കുകയും ചെയ്യും. സ്റ്റേഷന് പുറത്ത് ബ്രേക്ക്' ദ ചെയിന്റെ ഭാഗമായി ബക്കറ്റ്, മഗ്, സോപ്പ്, വെള്ളം തുടങ്ങിയ സൗകര്യങ്ങള്‍  ഉറപ്പു വരുത്തും.

വോട്ടെടുപ്പിന് ശേഷം പോളിങ് സ്റ്റേഷനുകളില്‍ അവശേഷിക്കുന്ന പേപ്പറുകളും മറ്റു വസ്തുക്കളും അതത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ നീക്കം ചെയ്യും. പഴയതും  ഉപയോഗശൂന്യമായതുമായ ജൈവ - അജൈവ വസ്തുക്കള്‍  നിക്ഷേപിക്കുന്നതിനായി പോളിങ് സ്റ്റേഷനുകളില്‍ ക്യാരി ബാഗുകള്‍ ഒരുക്കും. പോളിങ് സ്റ്റേഷനുകളില്‍ ഉപയോഗിച്ച ബയോ മെഡിക്കല്‍ വേസ്റ്റുകളില്‍ മാസ്‌ക്, ഗ്ലൗസ് എന്നിവ തരം തിരിച്ച് ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി മഞ്ഞ, ചുവപ്പ് നിറങ്ങളില്‍ രണ്ട് ക്യാരി ബാഗുകള്‍ കൂടി തയ്യാറാക്കുകയും അവ ശാസ്ത്രീയ രീതിയില്‍ സംസ്‌കരിക്കുന്നതിനായി പി. എച്ച്. സി, സി.എച്ച്.സി, സി.എഫ്.എല്‍.ടി.സി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് തുടര്‍ നടപടി സ്വീകരിക്കും.

പോളിങ് സ്റ്റേഷനുകളായി  ഉപയോഗിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതു സ്വകാര്യ കെട്ടിടങ്ങളിലെ ചുമരുകളിലും പരിസരത്തും ബോധവത്ക്കരണത്തിനായി കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം പതിക്കുന്ന പോസ്റ്ററുകളും ബോര്‍ഡുകളും മറ്റും വോട്ടെടുപ്പിന് ശേഷം നീക്കം ചെയ്ത് വൃത്തിയാക്കും.