നാമനിര്‍ദ്ദേശ പത്രിക സുക്ഷ്മ പരിശോധന: സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണം; ജില്ലാ കലക്ടര്‍

post

മലപ്പുറം: കോവിഡ് പശ്ചാത്തലത്തില്‍ രോഗവ്യാപനം തടയുന്നതിനും നാമനിര്‍ദ്ദേശ പത്രികകളുടെ സുക്ഷ്മ പരിശോധന സുഗമമാക്കുന്നതിനും സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാല കൃഷ്ണന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ അഭ്യര്‍ത്ഥിച്ചു. ഇന്ന് (നവംബര്‍ 20) സൂക്ഷമപരിശോധനാ സ്ഥലത്ത് ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകുന്നതും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ വരുന്നതും രോഗവ്യാപനത്തിന് കാരണമാകും.

സൂക്ഷ്മ പരിശോധനാ സമയത്ത് സ്ഥാനാര്‍ഥി, തെരഞ്ഞെടുപ്പ് ഏജന്റുമാര്‍, സ്ഥാനാര്‍ഥിയുടെ ഒരു നിര്‍ദ്ദേശകന്‍, സ്ഥാനാര്‍ഥി രേഖാമൂലം അധികാരപ്പെടുത്തിയ വ്യക്തി എന്നിവര്‍ക്ക് ഹാജരാകാം. ഒരു സ്ഥാനാര്‍ഥിയുടെ യോഗ്യതയും അയോഗ്യതയും നാമനിര്‍ദ്ദേശ പത്രിക പരിശോധനയ്ക്കായി നിശ്ചയിച്ച ദിവസവുമായി ബന്ധപ്പെടുത്തിയാണ് പരിശോധിക്കുക. എന്നാല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ദിവസം സ്ഥാനാര്‍ഥിക്ക് 21 വയസ്സ് പൂര്‍ത്തിയായിരിക്കണം. ഗുരുതരമായ ന്യൂനതകള്‍ ഉണ്ടെങ്കില്‍ മാത്രമാണ് നാമ നിര്‍ദ്ദേശ പത്രിക നിരസിക്കുക.

സാങ്കേതിക പിഴവുകളും എഴുത്തിലെ പിഴവുകളും അവഗണിക്കും. തെരഞ്ഞെടുപ്പ് വര്‍ഷം, വാര്‍ഡിന്റെ പേര്, വോട്ടര്‍ പട്ടികയിലെ നമ്പര്‍, ചിഹ്നം തെരഞ്ഞെടുക്കല്‍, വയസ്സ്, പേര് എന്നിവയിലെ ചെറിയ  പൊരുത്തക്കേടുകളടക്കമുള്ള നിസാര കാരണങ്ങളും  അവഗണിക്കും. സൂക്ഷമ പരിശോധനയുമായി ബന്ധപ്പെട്ട് വരണാധികാരികള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സൂക്ഷ്മ പരിശോധനയുടെ സുഗമമായ നടത്തിപ്പിന് എല്ലാവരും പരസ്പരം സഹകരിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, എ.ഡി.എം എന്‍.എം മെഹറലി, ജില്ലാ പോലീസ് മേധാവി യു. അബ്ദുല്‍ കരീം, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ് അഞ്ജു,  അസിസ്റ്റന്റ് കലക്ടര്‍ വിഷ്ണു രാജ്,  പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.എ രാജന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി.ആര്‍ അഹമ്മദ് കബീര്‍ എന്നിവര്‍ പങ്കെടുത്തു.