കോവിഡ് മുക്തരായവര്‍ക്ക് തുടര്‍ ചികിത്സകള്‍ക്കായി പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍

post

ജില്ലയില്‍  മൂന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി

മലപ്പുറം: കോവിഡ്  മുക്തരായവരില്‍ കാണപ്പെടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി  പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയതിന്റെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ മൂന്നിയൂര്‍, അങ്ങാടിപ്പുറം, തലക്കാട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയിട്ടുള്ളത്.

തലക്കാട് പഞ്ചായത്തിന്റെ 12 ലക്ഷവും നാഷനല്‍ ഹെല്‍ത്ത് മിഷന്റെ 18 ലക്ഷവും ഉപയോഗിച്ചാണ് കുടുംബാരോഗ്യ കേന്ദ്രത്തിനായുള്ള കെട്ടിടമുള്‍പ്പടെ സൗകര്യങ്ങള്‍ വികസിപ്പിച്ചത്. നവീകരിച്ച ലാബ്, ഒ.പി കൗണ്ടറുകള്‍, ഇരിപ്പിട സൗകര്യങ്ങള്‍ എന്നിവയോടൊപ്പം മൂന്ന് ഡോക്ടര്‍മാരുടെ സേവനവും കേന്ദ്രത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്.

അങ്ങാടിപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 51 ലക്ഷം രൂപയും ശുചിത്വ മിഷന്റെ 16 ലക്ഷം രൂപയും ഉപയോഗിച്ചാണ് കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റിയത്. പ്രതിദിനം 300ഓളം രോഗികള്‍ ചികിത്സക്കായി എത്തുന്ന ആശുപത്രിയില്‍ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റിയതോടെ ഒ.പി.വിഭാഗം വൈകീട്ട് ആറ് വരെയാക്കി. നവീകരിച്ച ലാബ്, ഡോക്ടര്‍മാര്‍ക്ക് പ്രത്യേകം മുറികള്‍, മരുന്ന് സൂക്ഷിക്കാനുള്ള സ്റ്റോറേജ് മുറി, വിശ്രമ കേന്ദ്രങ്ങളുടെ നവീകരണം, രോഗികള്‍ക്കും കൂടെ വരുന്നവര്‍ക്കും വിശ്രമിക്കുന്നതിനായി ഇരിപ്പിടങ്ങള്‍, എന്നീ സൗകര്യങ്ങളോടൊപ്പം മാതൃ ശിശു സൗഹൃദ രീതിയിലാണ് ആശുപത്രി നവീകരിച്ചിരിക്കുന്നത്. പൂന്തോട്ടവും കുട്ടിള്‍ക്കായുള്ള കളിസ്ഥലം, കുഞ്ഞുങ്ങള്‍ക്ക് പാലൂട്ടുന്നതിനുള്ള പ്രത്യേക മുറിയും സജ്ജമാക്കിയിട്ടുണ്ട്.

നിലവില്‍ രണ്ട് ഗവ.ഡോക്ടര്‍മാരും പഞ്ചായത്ത് നിയമിച്ച ഒരു ഡോക്ടറും ഉള്‍പ്പെടെ മൂന്ന് ഡോക്ടര്‍മാരുടെ സേവനം ആശുപത്രിയില്‍ ലഭിക്കും. രണ്ട് ഫാര്‍മസിസ്റ്റുമാര്‍, ഒരു ലാബ് ടെക്നീഷ്യന്‍, രണ്ട് സ്റ്റാഫ് നഴ്‌സുമാര്‍, ഒരു ക്ലര്‍ക്ക്, ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, നാല് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍പെക്ടര്‍മാര്‍, ആറ് ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സുമാര്‍ തുടങ്ങിയവരുടെ സേവനവും ലഭിക്കും.

മൂന്നിയൂര്‍ കളിയാട്ട മുക്കിലെ പ്രാഥമികാരോഗ്യ കേന്ദ്രം 25 ലക്ഷം രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയാണ് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയത്.