ജൈവ, അജൈവ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു

post

മലപ്പുറം: ജൈവ മാലിന്യ സംസ്‌കരണത്തിനായി തുമ്പൂര്‍മുഴി മോഡല്‍ എയറോബിക് കമ്പോസ്റ്റിങ് യൂനിറ്റുകളും പ്ലാസ്റ്റിക് സംസ്‌ക്കരണത്തിന് റിസോഴ്‌സസ് റിക്കവറി കേന്ദ്രവും പ്രവര്‍ത്തനമാരംഭിച്ചു. നഗരസഭ ഓഫീസിനോട് ചേര്‍ന്നാണ് ഇവ  പ്രവര്‍ത്തിക്കുന്നത്.

തുമ്പൂര്‍മുഴി മോഡലില്‍ രണ്ട് യൂനിറ്റ് എയറോബിക് കമ്പോസ്റ്ററിങ് യൂനിറ്റുകളാണ് ആരംഭിച്ചത്. നഗരസഭ പ്രദേശത്ത് കേന്ദ്രീകൃത സംസ്‌കരണ ശാലകളേക്കാള്‍ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ക്ക് മുന്‍തൂക്കം എന്ന ലക്ഷ്യത്തോടെയാണ് സെന്ററുകള്‍ക്ക് തുടക്കം കുറിച്ചത്. ഒന്നാം ഘട്ടമായി നഗരസഭ പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ഒരു യൂനിറ്റ് എയറോബിക് കമ്പോസ്റ്ററിങ് യൂനിറ്റ് നഗരസഭ ആരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നഗരസഭ ഓഫീസിനോട് ചേര്‍ന്ന് രണ്ട് യൂനിറ്റുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചത്.

ഒരു യൂനിറ്റില്‍ 10 കമ്പോസ്റ്റുകളുള്ള ആകെ രണ്ട് യൂനിറ്റാണ് സ്ഥാപിച്ചിട്ടുള്ളത്. 32 ലക്ഷം രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. തുമ്പൂര്‍മുഴി മാതൃകയില്‍ ജൈവ മാലിന്യങ്ങള്‍ സംസ്‌ക്കരിച്ച് ജൈവ വളമാക്കി മാറ്റുന്നതാണ്. യാതൊരുവിധ ദുര്‍ഗന്ധവും ഇല്ലാത്ത സംസ്‌കരണോപാധിയാണ് തുമ്പൂര്‍ മുഴി മോഡല്‍. ഏതൊരു ജനവാസ കേന്ദ്രത്തിലും ഇത്തരം സംസ്‌കരണ യൂനിറ്റുകള്‍ സ്ഥാപിക്കാം എന്നതിന്റെ മാതൃക കൂടിയാണ് നഗരസഭാ ഓഫീസിനോട് ചേര്‍ന്ന് തന്നെ രണ്ട് യൂനിറ്റുകള്‍ സ്ഥാപിച്ചത്.

അജൈവ മാലിന്യ ശേഖരണം, സംസ്‌ക്കരണം എന്നിവ ലക്ഷ്യമാക്കിയാണ് നഗരസഭയില്‍ റിസോഴ്‌സസ് റിക്കവറി കേന്ദ്രം ആരംഭിച്ചത്. നഗരസഭാ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ശേഖരിച്ച പ്ലാസ്റ്റിക്ക് ഉള്‍പ്പടെയുള്ള അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും തരം തിരിക്കുന്നതിനും സംസ്‌കരിക്കരിക്കുന്നതിനുമായാണ് ആര്‍.ആര്‍.എഫ് കേന്ദ്രം തുടങ്ങിയത്. പ്ലാസ്റ്റിക് ഷെഡിങ് യൂനിറ്റ്, പ്ലാസ്റ്റിക് ബൈലിങ് യൂനിറ്റ് എന്നിവയോട് കൂടിയ ആര്‍.ആര്‍.എഫ്. കേന്ദ്രമാണ് ഒരുക്കിയിട്ടുള്ളത്. പത്ത് ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുള്ളത്.

നഗരസഭ ചെയര്‍മാന്‍ സി. പി. മുഹമ്മദ് കുഞ്ഞി കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ ഒ. ഒ. ഷംസു, റീനാ പ്രകാശന്‍, കൗണ്‍സിലര്‍മാരായ ഇക്ബാല്‍ മഞ്ചേരി, പി. ധന്യ, ഒ. വി. ഹസീന, ബിന്‍സി ഭാസ്‌കര്‍, ശോഭന, സുധ, സമീറ നഗരസഭ സെക്രട്ടറി ആര്‍. പ്രദീപ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.